പൈപ്പ് പൊട്ടൽ തുടർക്കഥ; ദേശം, പുറയാർ ഭാഗത്ത് അപകടങ്ങളൊഴിയുന്നില്ല
text_fieldsദേശം: കാലടി റോഡിലെ പുറയാർ ഭാഗത്ത് ചൊവ്വര-പറവൂർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് ചരക്ക് ലോറി അപകടത്തിൽപെട്ടു.
തുരുത്തിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടൈൽ കയറ്റിവന്ന 16 ചക്രമുള്ള ട്രെയിലറാണ് പുറയാർ റെയിൽവേ ഗേറ്റിന് സമീപം കുഴിയിൽ താഴ്ന്നത്. അപകടത്തെത്തുടർന്ന് റെയിൽവെ ഗേറ്റിന് ഇരുവശവും വാഹനങ്ങൾ നിറഞ്ഞ് ഗതാഗതക്കുരുക്കുണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് ഒരു വശത്തുകൂടി സഞ്ചാര സംവിധാനമൊരുക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഏറെ നാളായി ചൊവ്വര മുതൽ പുറയാർ റെയിൽവേ ഗേറ്റ് വരെ പൈപ്പ് പൊട്ടലും കുടിവെള്ളം പാഴാകലും പതിവായതോടെ സമീപവാസികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്.
കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാത്തതാണ് പൈപ്പ് പൊട്ടൽ നിത്യസംഭവമാകാൻ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ജനരോഷം ശക്തമായി ആഴ്ചകൾ പിന്നിട്ടാൽ മാത്രമാകും ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണിക്ക് ആളെ അയക്കുന്നത്. സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ചരക്ക് വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഇവിടെ നിത്യവും അപകടത്തിൽപെടുന്നുണ്ടെങ്കിലും ശാശ്വത പരിഹാരത്തിന് ജല അതോറിറ്റി അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
രണ്ടാഴ്ച മുമ്പ് രാത്രിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് പുറയാർ ഭാഗത്തെ ഭീമൻ കുഴിയിൽ വീണിരുന്നു. റോഡിലെ മുഴുവൻ കുഴികളും ശാസ്ത്രീയമായി മൂടി യാത്രക്കാർക്ക് അപകടരഹിതമായി സഞ്ചരിക്കാൻ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരെ അണിനിരത്തി ജല അതോറിറ്റി ഓഫിസ് ഉപരോധമടക്കം സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ചെങ്ങമനാട് ഗാന്ധിപുരം വാർഡ് അംഗം നഹാസ് കളപ്പുരയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.