സൂപ്പർ ബൈക്ക് നിർത്താതെ പാഞ്ഞു; കോൺഫറൻസ് കാളിലൂടെ 'പണി'കൊടുത്തു, 9000 രൂപ പിഴ
text_fieldsകാക്കനാട്: നിർത്താതെപോയ സൂപ്പർ ബൈക്ക് റൈഡറെ കോൺഫറൻസ് കാൾ വഴി പിടികൂടി. പിറകിലെ നമ്പർ പ്ലേറ്റ് മറച്ചുവെച്ച ധൈര്യത്തിൽ നിർത്താതെ 'പറന്ന' ചങ്ങനാശ്ശേരി സ്വദേശി എബിനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. വണ്ടി മറ്റൊരാളുടെ പേരിലായതിനാൽ ഒന്നും സംഭവിക്കില്ലെന്ന് ആശ്വസിച്ചിരിക്കെയാണ് 'പണി' വന്നത്. ഇയാളിൽനിന്ന് 9000 രൂപ പിഴ ഈടാക്കി.
രണ്ടുദിവസം മുമ്പ് കലൂർ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. അമിതവേഗത്തിലുള്ള ബൈക്കുകൾ പിടികൂടാനുള്ള പരിശോധനക്കിടെയാണ് നമ്പർ പ്ലേറ്റ് മറച്ചുവെച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന നിഞ്ച ബൈക്ക് കടന്നുപോയത്.
അമിത ശബ്ദമുണ്ടാക്കിവന്ന വാഹനം നിർത്താൻ ആവശ്യപ്പെട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞു. ഓൺലൈൻ രേഖകളിലൂടെ വാഹനയുടമയുടെ നമ്പർ കണ്ടെത്തി വിളിച്ചെങ്കിലും ബൈക്ക് നേരത്തെ വിറ്റുപോയതാണെന്നായിരുന്നു മറുപടി.
വാങ്ങിയ ആളുടെ നമ്പർ വാങ്ങി അതിൽ വിളിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായതോടെ ഫോൺ എടുത്തില്ല.
ഉടമസ്ഥാവകാശം മാറ്റാതെ വാഹനം വിറ്റതിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ പഴയ ഉടമ കോൺഫറൻസിങ് കാളിലൂടെ വണ്ടി വാങ്ങിയ ആളെ വിളിച്ച് ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കുകയായിരുന്നു.
ഇയാളിൽനിന്ന് 9000 രൂപ പിഴ ഈടാക്കിയ ശേഷമാണ് വാഹനം വിട്ടുനൽകിയത്. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ നൽകിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജോയ് പീറ്റർ, എ.എം.വി.ഐമാരായ ടി.എസ്. സജിത്ത്, എൻ.എസ്. ബിനു, സി.എൻ. ഗുമുദേഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.