രാവിലെ ഉണർന്ന് ബൂത്തുകൾ; ചൂടിലും വാടാതെ വോട്ട്
text_fieldsകൊച്ചി: ജില്ലയിലെ പോളിങ് ബൂത്തുകൾ സാവധാനമാണ് തിരക്കിലേക്ക് ഉണർന്നത്. എട്ട് മണിയോടെ തീരമേഖലകളിലെ ചില ബൂത്തുകളിലെക്ക് വോട്ടർമാർ കൂട്ടത്തോടെ എത്തിയപ്പോൾ മറ്റ് ചിലയിടങ്ങളിൽ ബൂത്ത് പരിസരങ്ങൾ തിരക്കൊഴിഞ്ഞ് കിടന്നു. ചെല്ലാനം, ഫോർട്ട് കൊച്ചി മേഖലകളിലടക്കം രാവിലെ പത്ത് വരെ കണ്ട വോട്ടർമാരുടെ തിരക്കും വരിയുടെ നീളവും വെയിൽ കനത്തതോടെ മെലിഞ്ഞ് തുടങ്ങി. എന്നാൽ, ഉച്ചകഴിഞ്ഞ് ചിലയിടങ്ങളിൽ കടുത്ത ചൂടിനെയും കടത്തിവെട്ടി വോട്ടർമാരുടെ ആവേശം ഉയർന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ ബൂത്തുകളിലാണ് രാവിലെ കൂടുതൽ തിരക്ക് കാണാനായത്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇതായിരുന്നു സ്ഥിതി. ജില്ലയിൽ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. പള്ളുരുത്തി ചെറിയകടവ് സെന്റ് ജോഫസ്സ് എൽ.പി. സ്കൂളിൽ രാവിലെതന്നെ വോട്ടർമാരുടെ നീര ഏറെ നീണ്ടിരുന്നു.
പുത്തൻതോട് ജി.എച്ച്.എസ്.എസ്, ഫോർട്ടുകൊച്ചി വെളി ഇ.എം.ജി.എൽ.പി.എസ്, ഗുജറാത്തി സ്കൂൾ എന്നിവിടങ്ങളിൽ സ്ത്രീകളുടെയും പ്രായമായവരുടെയും തിരക്ക് കാര്യമായി ഉണ്ടായിരുന്നു. കടുപ്പമേറിയ ചൂട് വോട്ടർമാരെ ശരിക്കും വലച്ചു. ബൂത്ത് പരിസരത്ത് തണലിനായി വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾക്കടിയിലും അവർ വിയർത്തു. വോട്ട് ചെയ്തിറങ്ങിയവർ ഒപ്പം വന്നവർക്കായി തണൽ മരങ്ങൾക്ക് താഴെ കാത്ത് നിന്നു. ബൂത്തുകളിൽ ഒരുക്കിയ കുടിവെള്ള സൗകര്യം പലർക്കും ആശ്വാസമായി. രാവിലെ ജോലിക്ക് പോകേണ്ടവരാണ് നേരത്തെ വോട്ട് ചെയ്യാൻ എത്തിയവരിൽ കൂടുതലും. വീട്ടിലെ വോട്ടിനെക്കുറിച്ച് അറിയാതെ പോയ വയോജനങ്ങൾ ബൂത്തിലെത്തേണ്ടി വന്നതിന്റെ വിഷമങ്ങൾ പറയുന്നുണ്ടായിരുന്നു.
തീരദേശ മേഖലകളിലെ വോട്ടർമാർക്കിടയിൽ കൂടുതൽ ആവേശം കണ്ടു. ചെല്ലാനത്തിന്റെ നിത്യദുരിതമായ കടലാക്രമണ ഭീഷണി ചെറുക്കാൻ ടെട്രാപോഡ് സംരക്ഷണ ഭിത്തി ഭാഗികമായെങ്കിലും സ്ഥാപിക്കപ്പെട്ടത് സംസ്ഥാന സർക്കാരിന് എടുത്തുപറയാവുന്ന നേട്ടമാണ്. അത് വോട്ടർമാരുടെ വാക്കുകളിലും പ്രകടമായിരുന്നു. എന്നാൽ, വിലക്കയറ്റത്തെക്കുറിച്ചും പെൻഷൻ മുടങ്ങിയതിനെക്കുറിച്ചുമൊക്കെ പരാതി പറയുന്നവരും ഏറെ. കേന്ദ്ര സർക്കാരിന്റെ വർഗീയ, വിഭജന അജണ്ടക്കും ന്യൂനപക്ഷ വേട്ടക്കും എതിരെ പ്രതികരിക്കാനുള്ള അവസരമായാണ് വോട്ടിനെ കാണുന്നതെന്ന് പ്രതികരിച്ചവരുമുണ്ട്. ഈ തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകവും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതുമാണെന്ന തിരിച്ചറിവിലാണ് വോട്ട് ചെയ്യാനെത്തിയതെന്ന് ചില മുതിർന്ന വോട്ടർമാർ പറഞ്ഞു.
വൈപ്പിൻ മേഖലയിലെ ബുത്തുകളിൽ 12 വരെ നല്ല തിരക്കായിരുന്നു. സ്ത്രീകളാണ് ഈ സമയങ്ങളിൽ വോട്ട് ചെയ്യാനെത്തിയവരിൽ ഏറെയും. മുരിക്കുംപാടം സെന്റ് മേരീസ് എൽ.പി.എസ്, നായരമ്പലം ഭഗവതി വിലാസം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് എന്നിവിടങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. ഉച്ചക്ക് 12 മണിയായതോടെ മിക്ക ബൂത്തുകളിലും തിരക്ക് വളരെ കുറഞ്ഞു. കത്തുന്ന വെയിലിൽ ബൂത്തുകളിലെന്ന പോലെ നിരത്തുകളിലും ആൾത്തിരക്കൊഴിഞ്ഞു. പാർട്ടി പ്രവർത്തകർ റോഡരികിലെ താൽകാലിക ബൂത്തുകളിലേക്ക് ഒതുങ്ങി. ചില ബൂത്തുകളിൽ വിരലിലെണ്ണാവുന്ന വോട്ടർമാരാണ് ഉച്ചസമയത്ത് ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഗ്രാമീണ മേഖലകളിലെ ബൂത്തുകളിൽ പോളിങ് കനത്തെങ്കിലും നഗരപ്രദേശങ്ങളിലെ ബൂത്തുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ചില ബൂത്തുകളിൽ ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയ ശേഷം ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.