റോഡുകളുടെ ശോച്യാവസ്ഥ: കൊച്ചി കോർപറേഷന് ഹൈകോടതി വിമർശനം
text_fieldsകൊച്ചി: നഗര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത കൊച്ചി കോർപറേഷന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കോടതിയുടെ ഉത്തരവുകൾ രണ്ടു ദിവസത്തിനുശേഷം മറക്കുന്ന സ്ഥിതിയാണ്. തകർന്ന റോഡുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം നൽകുകയും അപകടങ്ങളെ മനുഷ്യ നിർമിത ദുരന്തമായി വിലയിരുത്തി ദുരന്ത നിവാരണ നിയമപ്രകാരം നടപടി എടുക്കുകയും ചെയ്യണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ഈ നടപടികൾ ഇനി സ്വീകരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നഗരത്തിലെ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കാനും ഉത്തരവിട്ടു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ടില്ലെന്ന് കഴിഞ്ഞ ദിവസം നഗരസഭ അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിൽ കോടതി നിർദേശ പ്രകാരം നഗരസഭ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ ഓൺലൈൻ മുഖേന വ്യാഴാഴ്ച ഹാജരായിരുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന് മേയർ അറിയിച്ചതായി സെക്രട്ടറി കോടതിയെ അറിയിച്ചു. നഗരത്തിലെ ഒമ്പത് റോഡുകൾ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനും (സി.എസ്.എം.എൽ) എട്ട് റോഡുകൾ പൊതുമരാമത്ത് വകുപ്പിനും കൈമാറിയിട്ടുണ്ട്.
മൺസൂൺ കാലത്ത് റോഡ് പണി നടത്താനാവില്ലെന്നാണ് സർക്കാർ നിർദേശമെന്നതിനാൽ മൺസൂൺ കാലമായ ഇപ്പോൾ നിർമാണം സാധ്യമല്ല. അടുത്ത ഒക്ടോബറോടെ മാത്രമേ പണി നടത്താൻ അനുവാദമുള്ളൂവെന്നും സെക്രട്ടറി പറഞ്ഞു. കോടതി ഉത്തരവിട്ടാൽ റോഡ് പണി ഇപ്പോൾ നടത്താമെന്ന് സെക്രട്ടറി അറിയിച്ചെങ്കിലും ഇത്തരത്തിൽ നിർദേശം നൽകാനാവില്ലെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലെ റോഡും തമ്മനം പുല്ലേപ്പടി റോഡിലെ പുല്ലേപ്പടി പാലവും അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കടവന്ത്രയിലെ റോഡ് സി.എസ്.എം.എല്ലിനും പുല്ലേപ്പടി പാലം പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് ഡിവിഷനും കൈമാറിയതാണെന്ന് നഗരസഭ അറിയിച്ചു.
കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് കരാർ നൽകിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും കരാറുകാരനെ നീക്കി റീ ടെൻഡർ വിളിച്ചിരിക്കുകയാണെന്നും സി.എസ്.എം.എൽ അറിയിച്ചു.
തുടർന്ന് വിശദീകരണത്തിന് രണ്ടു ദിവസം സമയം തേടി. പുല്ലേപ്പടി പാലത്തിലെ കുഴികൾ അടച്ച് റോഡ് സഞ്ചാരേയാഗ്യമാക്കുന്ന കാര്യത്തിൽ വിശദീകരണം നൽകാൻ പൊതുമരാമത്ത് വകുപ്പും സമയം തേടി. റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഇതിന് ചെലവാകുന്ന തുക സി.എസ്.എം.എല്ലിൽ നിന്നും പൊതുമരാമത്ത് വകുപ്പിൽനിന്നും റീ ഇംബേഴ്സ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
പുല്ലേപ്പടി പാലത്തിലെ കുഴികൾ ശനിയാഴ്ചയോടെ അടക്കുമെന്നും മറ്റു റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കോടതി നിർദേശിക്കുമ്പോൾ റോഡു നന്നാക്കുകയും പിന്നെയും പഴയ പരുവത്തിലാവുകയും ചെയ്യുന്നതാണ് സ്ഥിതിയെന്ന് അമിക്കസ് ക്യൂറി പറയുന്നു. ഇത് അനുവദിക്കാനാവില്ലെന്നും നടപടി എടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജികൾ സെപ്റ്റംബർ 12ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.