മരണാനന്തര സഹായധനം നൽകിയില്ല; 71,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: അവിവാഹിതനായ സഹോദരന്റെ മരണാനന്തര ധനസഹായം നൽകാത്ത സാധുജന സംഘത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. സംഘത്തിന്റെ നിയമാവലിയിലെ വ്യവസ്ഥകൾ ലംഘിച്ച നടപടി ചോദ്യം ചെയ്തു സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. ഇടക്കൊച്ചി സ്വദേശികളായ മേരി ബോണിഫസ്, ഭർത്താവ് പി.ടി. ബോണിഫസ് എന്നിവർ തോപ്പുംപടിയിലെ വിശുദ്ധ ഔസേപ്പിൻ സാധുജന സംഘത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
15 വർഷമായി സാധാരണ അംഗങ്ങളാണ് ഇരുവരും. 8000 രൂപ അടവാക്കി സംഘത്തിന്റെ 800 ഷെയറുകൾ 2018 മുതൽ ഇരുവരും എടുത്തിരുന്നു. മേരി ബോണിഫസിന്റെ അവിവാഹിതനായ സഹോദരൻ മരണപ്പെടുകയും ധനസഹായ അപേക്ഷ സംഘം നിരാകരിക്കുകയും ചെയ്തു. സംഘത്തിന്റെ നിയമാവലി പ്രകാരം 15,000 രൂപ നൽകണമെന്ന് നിബന്ധനയുണ്ട്. നിയമാവലി പ്രകാരമുള്ള മരണാനന്തര ധനസഹായം സംഘം നൽകിയില്ല എന്നത് ചട്ടവിരുദ്ധവും കുടുംബാംഗങ്ങളോട് കാണിച്ചത് അനീതിയുമാണെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
സംഘത്തിന്റെ നിബന്ധനകൾ പ്രകാരം ലഭിക്കേണ്ട 31,000 രൂപ പലിശ സഹിതവും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 40,000 രൂപയും 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകാൻ എതിർകക്ഷിക്ക് കോടതി നിർദേശം നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. സിബിൻ വർഗീസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.