മഴക്കാലപൂർവ ശുചീകരണം; പടിഞ്ഞാറൻ കൊച്ചിയിൽ പേരിന് മാത്രം
text_fieldsമട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചി മേഖലയിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലന്ന് ആക്ഷേപം. മഴ ശക്തമായാൽ അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്നപേരില് ആരംഭിച്ച പദ്ധതിയിലൂടെ നഗരത്തിലെ ഓടകളും കനാലുകളുമെല്ലാം ശുചീകരിക്കുമെന്നും അതുവഴി വെള്ളക്കെട്ട് പ്രതിരോധിക്കുമെന്നുമുള്ള കൊച്ചി നഗരസഭയുടെ പ്രഖ്യാപനം പാലിക്കപ്പെട്ടില്ലന്നാണ് നഗരസഭയിലെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് ഒരു മഴ പെയ്താൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടാകും. കൊച്ചി നഗരസഭയിലെ ഡെപ്യൂട്ടി മേയറും ഭൂരിഭാഗം സ്ഥിരം സമിതി അധ്യക്ഷരും പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരാണെന്നിരിക്കെ വെള്ളക്കെട്ട് പരിഹാരത്തിന് ഈ മേഖലയിൽ കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മാർച്ചിൽ നഗരസഭ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും 80 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു എന്നുമുള്ള മേയറുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. മേയ് ആദ്യം മാത്രമാണ് വെള്ളക്കെട്ട് നിവാരണ പ്രവൃത്തി ആരംഭിച്ചത്. പണ്ടാരച്ചിറ തോട് മാന്ത്രാ കനാൽ, കൽവത്തി കനാൽ, രാമേശ്വരം കനാൽ എന്നീ കനാലുകളെ ഉൾപ്പെടെ ബന്ധിപ്പിക്കുന്ന വലിയ തോടുകളിലെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇതുവരെ ചെളി നീക്കിയിട്ടില്ല. വലിയ തോടുകളിൽ പോള പായലും ചെളിയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നതിനാൽ മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകും എന്നുറപ്പാണ്.
മേയർ ഈ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. എറണാകുളത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതുപോലെ കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.