Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 10:01 AM IST Updated On
date_range 1 April 2022 10:01 AM ISTനിരക്ക് കൂട്ടലിൽ പിഴക്കുമോ കണക്കുകൂട്ടൽ?
text_fieldsbookmark_border
Listen to this Article
കൊച്ചി: ഒരുനിയന്ത്രണവുമില്ലാതെ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില, ഒപ്പം സമാന്തരമായി കുതിച്ചുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില.ഇതിനെല്ലാം ഒടുവിൽ സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കും വർധിപ്പിച്ചിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് പതിയെ കരകയറിക്കൊണ്ടിരിക്കുന്ന സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം ഇടിത്തീയാണ് ബസ് ചാർജ് വർധന.
എന്നാൽ, ബസുകാരും ഓട്ടോക്കാരും പുതിയ തീരുമാനത്തിൽ തൃപ്തരാണോ?. നിത്യേന യാത്രക്ക് ബസുകളെയും ഓട്ടോകളെയും ആശ്രയിക്കുന്നവർക്കും പൊതുഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇക്കാര്യത്തിൽ പറയാനുള്ളതെന്തെന്ന് അന്വേഷിക്കുകയാണ്...
വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണം
ബസ് ചാർജ് വർധിപ്പിക്കുക എന്ന ആവശ്യത്തോളംതന്നെ പ്രാധാന്യമുണ്ടായിരുന്ന വിദ്യാർഥികളുടെ യാത്രനിരക്ക് വർധനവിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ ഞങ്ങൾ നിരാശരാണ്. കാരണം, മുതിർന്നവരെക്കാൾ കൺസഷൻ കിട്ടുന്ന വിദ്യാർഥികളാണ് സ്വകാര്യബസുകളിലെ യാത്രക്കാർ. മറ്റെല്ലാ മേഖലയിലും കാലോചിത പരിഷ്കാരമുണ്ടായിട്ടും ഇതിലൊരു മാറ്റവുമില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പഠിച്ച് റിപ്പോർട്ട് നൽകിയതിനുമേലെ ഇനിയൊരു കമീഷനെ നിയമിക്കുന്നതെന്തിനാണ്?
കെ.ബി. സുനീർ, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ. ജില്ല ജന.സെക്രട്ടറി
നിരക്ക് കൂട്ടിയെങ്കിലും നഷ്ടംതന്നെ
ഓട്ടോ ചാർജ് കൂട്ടി എന്നത് അതേയർഥത്തിൽ പറയാനാവില്ല. നേരത്തേ മിനിമം ചാർജ് 25 രൂപ എന്നുള്ളത് ഒന്നര കി.മീറ്ററിനായിരുന്നു. ആ നിരക്കിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കി.മീറ്ററിന് 31 രൂപയാണ് കിട്ടുന്നത്. എന്നാലിപ്പോ രണ്ട് കി.മീ. ദൂരത്തിന് മിനിമം ചാർജ് 30 രൂപയാക്കിയിരിക്കുകയാണ്. റണ്ണിങ് കി.മീറ്ററിൽ 12 എന്നുള്ളത് 15 ആക്കിയിട്ടുണ്ടെന്നത് ആശ്വാസമാണ്, എന്നാൽ, മിനിമം ചാർജിൽ ഇത് നഷ്ടംതന്നെയാണ്.
അൻസാർ ഷംസു, ഓട്ടോ ഡ്രൈവർ, ഫോർട്ട്‌കൊച്ചി
നിരക്ക് വർധന അനിവാര്യം
പെട്രോൾ, ഡീസൽ വില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുമ്പോൾ ടാക്സി നിരക്കിലുണ്ടായ വർധന ആശ്വാസകരമാണ്. ഇന്ധനച്ചെലവ് മാത്രമല്ല, മറ്റുപല അനുബന്ധ ചെലവുകളും താങ്ങാനാവാത്ത സ്ഥിതിയിലായിരുന്നു, കോവിഡ്കാലത്തും മറ്റും വലിയ ദുരിതത്തിലായിരുന്നു മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിൽ വർധന അനിവാര്യമായ ഒന്നായിരുന്നു.
ഹക്കീം, ടാക്സി ഡ്രൈവർ, കാക്കനാട്
ബസ് ചാർജ് വർധന: ചെറുതല്ലാത്ത ഭാരം
ബസ് ചാർജ് ഒറ്റയടിക്ക് രണ്ടുരൂപ വർധിപ്പിച്ചത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ വർധനതന്നെയാണ്. നിത്യേന ചെറിയ വരുമാനത്തിന് ബസിൽ ജോലിക്കുപോകുന്നവർക്ക് ചാർജ് വർധനമൂലം പ്രതിമാസം ഇനി അത്രയും തുക വേറെ കണ്ടെത്തണം. സാധനങ്ങളുടെയും പാചകവാതകത്തിന്‍റെയുമൊക്കെ വിലക്കയറ്റത്തിനിടക്ക് വലിയ ബുദ്ധിമുട്ടുതന്നെയാണിത്.
ബീവി, ചേലാമറ്റം, പെരുമ്പാവൂർ
പ്രയാസം സാധാരണക്കാർക്ക് മാത്രം
മുമ്പ് എട്ടുരൂപയായിരുന്നു മിനിമം ചാർജെങ്കിലും 10 രൂപ കൊടുത്താൽ പലരും ചില്ലറയില്ലെന്നു പറഞ്ഞ് ബാക്കി തരാറില്ല, ഇനിയിപ്പോൾ അക്കാര്യത്തിൽ അവർക്കൊരു സൗകര്യമായി. ഓട്ടോറിക്ഷയുടെ കാര്യവും ഇങ്ങനെതന്നെ. 25നു പകരം 30 രൂപ വാങ്ങുന്നവരുണ്ട്. എന്തുതന്നെയായാലും സ്വന്തം വീട്ടിൽ വണ്ടിയില്ലാത്തവരും വലിയ പൈസ കൊടുത്ത് വണ്ടി വിളിക്കാൻ പറ്റാത്തവരുമായ സാധാരണക്കാരാണ് പ്രയാസത്തിലാവുന്നത്.
ഹരിത പ്രേംദാസ്, വീട്ടമ്മ, ജഡ്ജിമുക്ക്, തൃക്കാക്കര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story