എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് സമരം പൂർണം
text_fieldsകൊച്ചി: ജില്ലയിൽ ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സൂചന സമരം പൂർണം.
സ്വകാര്യ ബസുകൾ സർവിസ് നടത്താതിരുന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ജില്ലയുടെ പലമേഖലകളിലും വിദ്യാർഥികൾക്ക് സ്കൂളുകളിലെത്താൻ കഴിഞ്ഞില്ല. ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും അന്യായമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് സംയുക്ത സമിതി സമരത്തിന് ആഹ്വാനം ചെയ്തത്. പലർക്കും ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല. കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്ന റൂട്ടുകളിൽ തിരക്ക് അനുഭവപ്പെട്ടു. ആലുവയിൽനിന്ന് എറണാകുളത്തേക്ക് രാവിലെ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. അതേസമയം, നഗരത്തിൽനിന്ന് വൈപ്പിൻ, ഞാറക്കൽ തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് സമാന്തര സർവിസുകളും നടക്കുന്നുണ്ടായിരുന്നു.
നഗരംചുറ്റി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇല്ലാതെവന്നതോടെ ആളുകൾ കൊച്ചി മെട്രോയെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചു. സമരത്തോട് അനുബന്ധിച്ച് ഹൈകോർട് ജങ്ഷനിൽനിന്ന് കമീഷണർ ഓഫിസിലേക്ക് ബസുടമകളും തൊഴിലാളികളും പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കുറ്റക്കാരെ മാത്രം ശിക്ഷിക്കുക, നിസ്സാര കുറ്റങ്ങൾക്ക് ബസുകളെയും തൊഴിലാളികളെയും കോടതിയിൽ ഹാജരാക്കുന്ന നടപടി അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് മാനസിക സമ്മർദമില്ലാതെ തൊഴിൽ എടുക്കാനുള്ള സാഹചര്യം ഒരുക്കുക, റോഡുകളിലെ അനാവശ്യ പാർക്കിങ്ങുകൾ ഒഴിവാക്കുക, ബസുകൾക്ക് ബസ് ബേ അനുവദിക്കുക, തൊഴിലാളികളെ ദേഹോപദ്രവം ഏൽപിക്കുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിച്ചത്. അംഗീകരിക്കാത്തപക്ഷം 30 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. ധർണ സമരത്തിൽ കെ.എ. നജീബ് അധ്യക്ഷതവഹിച്ചു. കെ.ബി. സുനീർ സ്വാഗതംപറഞ്ഞു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ജോൺ ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമിതി നേതാക്കളായ കെ.എ. പ്രഭാകരൻ (ബി.എം.എസ്), ജോയി ജോസഫ്(എ.ഐ.ടി.യു.സി), ജോളി പവ്വത്തിൽ, വിവേക്(ഐ.എൻ.ടി.യു.സി), നെൽസൺ മാത്യു, ബാലകൃഷ്ണൻ കുറുവത്ത്, രാമപടിയാർ എന്നിവർ സംസാരിച്ചു.
പരിശോധന ശക്തമായി തുടരും -ഡി.സി.പി
കൊച്ചി: ബസുകളിലെ പരിശോധന ശക്തമായി തുടരുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരൻ. ജില്ലയിലെ സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബസുകാരുടെ സമ്മർദങ്ങൾക്കൊന്നും വഴങ്ങില്ല. പരിശോധനകൾ ആരെയും ദ്രോഹിക്കാനല്ലെന്നും നിയമലംഘനങ്ങൾക്ക് അറുതിവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈകോടതി തന്നെ ഇതിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. ബസുകൾ നടത്തുന്ന നിയമലംഘനങ്ങൾ ഏറുകയാണ്. മദ്യപിച്ചടക്കം വാഹനമോടിക്കുന്ന സംഭവങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.