വൈറ്റിലയില്‍ കുരുക്കുണ്ടാക്കി സ്വകാര്യ ബസുകള്‍
text_fieldsവൈറ്റില: കൊച്ചിയിലെ തന്നെ തിരക്കേറിയ ജങ്ഷനും ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവിക്കുകയും ചെയ്യുന്ന സ്ഥലമാണ് വൈറ്റില ജങ്ഷന്.
അശാസ്ത്രീയ മേല്‍പ്പാലം നിര്‍മാണവും ട്രാഫിക് പരിഷ്കാരങ്ങളും മൂലം ഗതാഗതക്കുരുക്ക് അഴിക്കാന്‍ നിരന്തരം ട്രാഫിക് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പതിവാണ്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍.
അമിതവേഗത്തിൽ ഹോൺ മുഴക്കിയും തോന്നുംപടി ഇടത്തേക്കും വലത്തേക്കും വെട്ടിച്ചുമുള്ള ബസുകളുടെ യാത്ര ചെറുവാഹനങ്ങൾക്ക് വൻ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വൈറ്റില-കടവന്ത്ര റോഡിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ സ്ഥാപിച്ചിരുന്ന ബസ് സ്റ്റോപ്പ് ദേശീയപാതക്ക് സമീപം അരൂര്‍ ഭാഗത്ത് നിന്നും വൈറ്റില ജങ്ഷനിലേക്കെത്തുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചത്. ഇടപ്പള്ളി ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്ന സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ഇവിടെയാണ്.
എന്നാല്‍ സ്വകാര്യ ബസുകള്‍ റോഡിന് കുറുകെ നിര്‍ത്തിയിട്ട് ആളുകളെ കയറ്റുന്നത് മൂലം ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒരു ബസ് നിര്ത്തിയിട്ടിരിക്കുന്നതിനോട് ചേര്‍ന്ന് റോഡിനു നടുക്കായി മറ്റു ബസ് നിര്‍ത്തിയിടുകയും ആളുകളെ കാത്ത് കിടക്കുന്നതും പതിവാണ്.
ഈ ബസുകള്‍ പോകാതെ പിന്നിലെ മറ്റു വാഹനങ്ങള്‍ക്ക് പോകാനാകാത്ത സാഹചര്യമാണെങ്കിലും സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ കണ്ട ഭാവം നടിക്കാറില്ല. ഇതുമൂലം മറ്റു വാഹനങ്ങളും സ്വകാര്യ ബസ് ഡ്രൈവര്‍മാരുമായി നിരന്തരം വാക്കുതര്‍ക്കവും പതിവാണ്.
ദേശീയപാത ആലപ്പുഴ ഭാഗത്തു നിന്നും എറണാകുളം, തൃപ്പൂണിത്തുറ, ഇടപ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ മേല്‍പ്പാലം കയറാതെ ഇതുവഴി സിഗ്നല്‍ കടന്നുവേണം സഞ്ചരിക്കാന്‍. എന്നാല്‍ ഈ ഭാഗത്തെ ട്രാഫിക് സിഗ്നലിനോടു ചേര്‍ന്നു തന്നെയാണ് ബസ് കാത്തിരിപ്പുകേന്ദ്രവും സ്ഥിതി ചെയ്യുന്നത്.
ബസുകള്‍ നിര്‍ത്തിയിടാനുള്ള വീതി റോഡിന് ഇല്ലെന്നിരിക്കെയാണ് രണ്ടും മൂന്നും ബസുകള്‍ നിരനിരയായി തിരക്കേറിയ റോഡില്‍ കാത്തു കിടക്കുന്നതും യാത്രക്കാരെ നടുറോഡില്‍ ഇറക്കിവിടുന്നതും.
ഈ ഭാഗത്ത് ട്രാഫിക് പൊലീസ് ആദ്യഘട്ടങ്ങളില്‍ നിയന്ത്രിച്ചിരുന്നുവെങ്കിലും പിന്നീട് ഇല്ലാതായി. അതേസമയം ബസ് നിര്‍ത്താന്‍ പാടില്ലെന്ന് വൈറ്റില-കടവന്ത്ര റോഡിലെ പഴയ ബസ് സ്റ്റോപ്പിനു മുമ്പില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ നിര്‍ത്തി കാത്തു കിടക്കുന്നതും സ്ഥിരം കാഴ്ചയാണ്. വൈറ്റില ജങ്ഷനില്‍ ട്രാഫിക് പൊലീസ് വാച്ച് ടവര്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.