ട്വന്‍റി 20 അനുകൂല നിലപാട്: കുന്നത്തുനാട് കോൺഗ്രസിൽ അതൃപ്തി
text_fieldsകോലഞ്ചേരി: ദീപുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം സ്വീകരിച്ച ട്വന്‍റി 20 അനുകൂല നിലപാടിനെതിരെ കുന്നത്തുനാട് കോൺഗ്രസിൽ അതൃപ്തി. സമൂഹമാധ്യമങ്ങളിൽ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം രംഗത്തെത്തി.
കോൺഗ്രസ് പ്രാദേശിക നേതൃത്വവുമായി കടുത്ത ശത്രുതയിലാണ് വർഷങ്ങളായി ട്വന്‍റി 20 യുടെയും അതിന്‍റെ നേതൃത്വത്തിന്‍റെയും പ്രവർത്തനം. ഇവർക്കെതിരെ ബെന്നി ബഹനാൻ എം.പിയുടെയും ഡി.സി.സി സെക്രട്ടറി എം.പി. രാജന്‍റെയും നേതൃത്വത്തിൽ കടുത്ത പ്രതിരോധമാണ് കോൺഗ്രസ് മണ്ഡലത്തിൽ ഉയർത്തിയത്.
ഈ സാഹചര്യത്തിലാണ് കോൺഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്ന കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളും ട്വന്‍റി 20 ഭരണം പിടിച്ചെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാടിന് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ട്വന്‍റി 20 മത്സരിച്ചു. കുന്നത്തുനാട്ടിൽ വിജയമുറപ്പിച്ച അവർ മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണവും കോൺഗ്രസ് നേതൃത്വം ഉയർത്തിയിരുന്നു.
അന്തരിച്ച മുൻ എം.എൽ.എ പി.ടി. തോമസിന്‍റെ നേതൃത്വത്തിലായിരുന്നു രൂക്ഷമായ ആക്രമണം. ഇതിനിടെ തന്നെ ട്വന്‍റി 20 യുമായി ധാരണയിലാകാനുള്ള രഹസ്യനീക്കങ്ങൾ കോൺഗ്രസും യു.ഡി.എഫും നേതൃതലത്തിൽ നടത്തിയെങ്കിലും വിജയം കണ്ടതുമില്ല. തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലടക്കം തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച മണ്ഡലങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ ട്വന്‍റി 20 വോട്ട് നേടി. ഇതിനിടെ കുന്നത്തുനാട്ടിൽ വിജയിച്ച സി.പി.എമ്മിലെ പി.വി. ശ്രീനിജിനും ട്വന്‍റി 20യും തമ്മിൽ ചെറിയ രീതിയിൽ ആരംഭിച്ച പോര് രൂക്ഷമാകുകയും ചെയ്തു. ഇതിനൊടുവിലാണ് ദീപുവിന്‍റെ മരണം.
ഈ അവസരം മുതലാക്കിയാണ് ട്വന്‍റി 20 യുമായി അടുക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ നടത്തിയ പ്രസ്താവനകളും കിഴക്കമ്പലത്തെ മരണ വീട്ടിലെത്തിയതും ഇതിന്‍റെ ഭാഗമായാണെന്നാണ് സൂചന. ഇതാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തിയുയരാൻ കാരണം.
ഇതേ സമയം ട്വന്‍റി 20 കോൺഗ്രസുമായി അടുക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും ഇക്കാര്യം ഡി.സി.സി.പ്രസിഡന്‍റടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡി.സി.സി സെക്രട്ടറി എം.പി. രാജൻ 'മാധ്യമ'ത്തോട് പറഞ്ഞു. കോൺഗ്രസിനെ കോർപറേറ്റ് സംഘടനയുടെ തൊഴുത്തിൽ കെട്ടാൻ ഒരിക്കലും കുന്നത്തുനാട്ടിലെ കോൺഗ്രസുകാർ അംഗീകരിക്കില്ല. ഏതെങ്കിലും വ്യക്തികൾക്ക് അത്തരത്തിൽ താൽപര്യമുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.