മദ്യം പ്രോത്സാഹിപ്പിക്കുക സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്
text_fieldsകൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല, മറിച്ച് ലഹരിവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. മദ്യനിരോധനംകൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ല. എറണാകുളം ടൗണ്‍ഹാളില്‍ മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം വാങ്ങാനെത്തുന്നവര്‍ വെയിലിലും മഴയിലും വരിനിന്ന് സ്വയം അപമാനിതരാകുന്ന അവസ്ഥ എത്രയും വേഗം നിര്‍ത്തണം. മദ്യവിൽപന ഔട്ട്ലെറ്റുകള് പ്രീമിയമാക്കി മാറ്റണം. ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കള്ളുഷാപ്പുകളില്‍ നിര്‍മിത കള്ള് വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക വകുപ്പിന്റെ പ്രധാന പരിഗണനയാണ്. പാലക്കാട് ജില്ലയില്‍ ഉൽപാദിപ്പിക്കപ്പെടുന്ന കള്ള് എത്രയാണെന്ന കൃത്യമായ കണക്ക് വേണം. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും രണ്ട് ഉദ്യോഗസ്ഥരെയും കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ് അംഗങ്ങളെയും ചുമതലപ്പെടുത്തണം. ചെത്തുന്ന കള്ളിന്റെ അളവ്, തെങ്ങുകളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കണം.
അതിര്‍ത്തി പ്രദേശത്തെ ഊടുവഴികളിൽക്കൂടി സംസ്ഥാനത്ത് മദ്യം എത്തുന്നതു തടയണം. ഇതിനായി പ്രത്യേക മൊബൈല്‍ യൂനിറ്റ് രൂപവത്കരിക്കും. സ്ത്രീകള്‍ ഉള്‍പ്പെട്ട കേസുകള്‍ സംസ്ഥാനത്തുകൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി വനിത സിവില്‍ എക്സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിക്കും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യവും വകുപ്പില്‍ വര്‍ധിപ്പിക്കും. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലാക്കിയെന്നും മന്ത്രി പറഞ്ഞു.എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ലഹരിമുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്ലിങ്, മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം നേടിയ ഉദ്യോഗസ്ഥനായ ടി.എസ്. ജസ്റ്റിനുള്ള ഉപഹാരവും മന്ത്രി കൈമാറി.
എക്സൈസ് കമീഷണര്‍ ആനന്ദകൃഷ്ണന്, ഡെപ്യൂട്ടി കമീഷണര്‍ സി.വി. ഏലിയാസ്, അഡീഷനല്‍ കമീഷണര്‍മാരായ ഇ.എന്‍. സുരേഷ്, ഡി. രാജീവ്, ജോയന്റ് കമീഷണര്‍മാരായ എ.എസ്. രഞ്ജിത്, സി.കെ. സനു, എക്സൈസ് വിജിലന്‍സ് ഓഫിസര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
'എക്സൈസിൽ അഴിമതി പൊറുപ്പിക്കില്ല'
കൊച്ചി: എക്സൈസ് വകുപ്പിൽ അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഴിമതിയില്‍ ഓഫിസ് അധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അയല്‍ രാജ്യങ്ങളില്‍നിന്ന് അറബിക്കടല്‍ വഴി മാരക മയക്കുമരുന്നുകള്‍ സംസ്ഥാനത്തെത്തി വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന അവസ്ഥയുണ്ട്. മയക്കുമരുന്ന് ഉപയോഗം സാമൂഹിക ജീവിതത്തെ ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. വാര്‍ഡ്തല കമ്മിറ്റികള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ് ഇനിയുള്ള ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.