നെല്ലിക്കുഴി സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
text_fieldsകോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. സമീപത്തെ ദയ ബഡ്സ് സ്കൂൾ കെട്ടിടത്തിലേക്കും സ്കൂൾ ബസിലേക്കുമാണ് മതിൽ ഇടിഞ്ഞു വീണത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. രാവിലെ അയൽവാസികളാണ് സ്കൂൾ ടീച്ചറെ വിവരം വിളിച്ചറിയിച്ചത്. സ്കൂളിന്റെ പ്രവർത്തന സമയമല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബഡ്സ് സ്കൂളിന് ചേർന്ന് വളരെ ഉയരത്തിലായി വേണ്ടത്ര സംരക്ഷണമില്ലാതെയാണ് വൻ തുക ചെലവഴിച്ച് ഹൈസ്കൂളിന്റെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കെട്ടിയ കരിങ്കൽകെട്ടിന് മുകളിൽ സിമന്റ് കട്ടകൊണ്ടാണ് മതിൽ പണിതത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈസ്കൂൾ കെട്ടിടം നിർമിച്ചതെന്നാണ് ആരോപണം. നിർമാണത്തിന്റെ അപാകതയാണ് തകർച്ചക്ക് കാരണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് അംഗം അലി പടിഞ്ഞാറെച്ചാലിൽ പറഞ്ഞു. സ്കൂൾ കെട്ടിടം നിർമിച്ച കരാറുകാരനെതിരെയും നിർവഹണ ഉദ്യാഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.