മത്സ്യബന്ധന മേഖലയിൽ ഉയരുന്നത് പ്രതിഷേധക്കാറ്റ്
text_fieldsമട്ടാഞ്ചേരി: തെരഞ്ഞെടുപ്പ് ദിനം അടുത്തതോടെ മത്സ്യബന്ധന, വിപണന മേഖലയിലും തെരഞ്ഞെടുപ്പ് സംബന്ധമായ ചർച്ച സജീവമാണ്. ഇന്ധന വിലവർധനയാണ് ഹാർബറുകളിലെ പ്രധാന ചർച്ച. ഡീസൽ വില ഉയർത്തിയത് മൂലം യാനങ്ങളുടെ ചെലവ് വർധിച്ചിരിക്കുകയാണെന്നും മത്സ്യക്കുറവും കൊടുംചൂടും മൂലം കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ ബോട്ടുകൾക്ക് ഇന്ധന ചെലവുപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് തോപ്പുംപടി ഫിഷറീസ് ഹാർബർ തൊഴിലാളി കെ.കെ. ഹമീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രണ്ടുരൂപ കുറച്ചത് രാഷ്ടീയ ലക്ഷ്യമാണെന്നും ഹമീദ് പറഞ്ഞു.
സംസ്ഥാന സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ഐസ് പ്ലാന്റുകളുടെ പ്രവർത്തനത്തിന് തിരിച്ചടിയായെന്നും ഇതും മത്സ്യബന്ധന മേഖലയെ ബാധിക്കുമെന്ന് ടി.എ. ഫൈസൽ പറഞ്ഞു. തോപ്പുംപടി ഹാർബർ നവീകരണം ഇഴയുന്നതാണ് പ്രധാന ചർച്ച. തോപ്പുംപടി ഹാർബറിനൊപ്പം നവീകരണം ആരംഭിച്ച രാജ്യത്തെ മറ്റു ഹാർബറുകൾ നവീകരണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചപ്പോൾ കൊച്ചി ഹാർബറിനോട് മാത്രമെന്താണ് വിവേചനമെന്ന് തൊഴിലാളികൾ ചോദിക്കുന്നു.
ഹാർബറിലെ ചർച്ചകൾ ഇങ്ങനെ നീളുമ്പോൾ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചാ വിഷയം കായലുകൾ എക്കൽ നിറഞ്ഞതാണ്. മത്സ്യബന്ധനത്തിനെ പ്രതികൂലമായി ബാധിക്കുന്ന എക്കൽ കായലിൽനിന്ന് നീക്കം ചെയ്യാൻ മാസങ്ങളായി സമരം നടത്തി വരുകയാണെന്ന് കണ്ണമാലിയിൽനിന്ന് പീറ്റർ തൊമ്മൻ പറഞ്ഞു. ചെറുവള്ളക്കാർക്ക് തുഴഞ്ഞുപോകാൻ കഴിയാത്ത വിധം എക്കൽ നിറഞ്ഞിരിക്കുകയാണെന്നാണ് പി.വി. രാജപ്പൻ പറയുന്നത്. ഇതുമൂലം
ചീനവല താഴ്ത്താൻ പോലും കഴിയാത്ത അവസ്ഥ ചൂണ്ടിക്കാട്ടിയത് മൈക്കിളാണ്. തങ്ങളുടെ പരാതികൾ ബധിരകർണത്തിൽ മുങ്ങിപ്പോകുന്നതായും മൈക്കിൾ കുറ്റപ്പെടുത്തി. ഇതുകേട്ട് കക്കയിറച്ചിയുമായി വന്ന സരസുവും പരാതിയുടെ കെട്ടഴിച്ചു. കക്ക വരാൻ കായലിൽ ഇറങ്ങിയാൽ ചൊറിച്ചിലാണ്. ഫാക്ടറികളിൽനിന്നും ചെമ്മീൻ കമ്പനികളിൽനിന്നും കായലിലേക്ക് തള്ളുന്ന രാസപദാർഥങ്ങളാണ് കാരണമെന്നും സരസു പറഞ്ഞു. മുതലാളിമാരോട് ഇക്കാര്യം പറയാൻ പാർട്ടിക്കാർക്ക് കഴിയുമോയെന്ന ഒരു ചോദ്യവും സരസു ഉയർത്തി. കായലിൽ കൊണ്ടുവന്ന് കുപ്പിച്ചില്ലടക്കമുള്ള മാലിന്യം തള്ളുന്നത് കക്ക വരാൻ ഇറങ്ങുമ്പോൾ കാലിൽ കുപ്പി ചില്ല് കയറാൻ ഇടയാക്കുന്നതായി സരസുവിനൊപ്പം ഉണ്ടായിരുന്ന ഷീലാമ പറഞ്ഞു. തങ്ങളുടെ ജീവിതപ്രശ്നത്തിന് പരിഹാരമില്ലെങ്കിൽ പിന്നെന്തിന് വോട്ട് ചെയ്യണമെന്ന് രാജപ്പനും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.