പ്രതിഷേധം ശക്തം; മെട്രോ: പശ്ചിമകൊച്ചി പുറത്ത്
text_fieldsമട്ടാഞ്ചേരി: പേര് കൊച്ചിയെന്നാണെങ്കിലും യഥാർഥ കൊച്ചിക്ക് മെട്രോറെയിൽ യാത്ര സൗകര്യം അന്യമാകുന്നു. നാലാം ഘട്ടത്തിലും പരമ്പരാഗത കൊച്ചിയോടുള്ള കൊച്ചി മെട്രോ റെയിൽ അധികൃതരുടെ അവഗണന പ്രകടമാകുന്നു. വടക്ക് അങ്കമാലിയിലേക്കും തെക്ക് അരൂർ മേഖലയിലേക്കും മെട്രോ റെയിൽ നീട്ടുമ്പോഴും തീരദേശ മേഖലയെ പരിഗണിക്കാതെ വഴുതിമാറുകയാണ് അധികൃതർ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ടൂറിസം മേഖല, ലോക പൈതൃക നഗരി, ബിനാലേയടക്കമുള്ള കലാ-സാംസ്കാരിക മേഖല, ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നായി ബി.ബി.സിയടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ള വാണിജ്യ കേന്ദ്രമായ മട്ടാഞ്ചേരി ബസാർ, മൂന്ന് വിദേശ നാഗരികതകൾ കൈവരിച്ച പൈതൃക നഗരം, തുറമുഖ അനുബന്ധ മേഖല, രാജ്യത്തെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങി, സുഗന്ധ വ്യഞ്ജന വിപണി, രാജ്യത്തെ വിവിധ സംസ്കാരിക ജനവാസ ദേശീയോദ്ഗ്രഥന കേന്ദ്രം, തുടങ്ങിയവ ഉൾപെടുന്ന ആഗോളതലത്തിൽ ശ്രദ്ധേയമായ ടൂറിസം പൈതൃക നഗരികളിലൊന്നാണ് പരമ്പരാഗത കൊച്ചി .
തൊഴിലാവശ്യങ്ങൾക്കായി പ്രതിദിനം ആയിരങ്ങളാണ് ഇവിടെ നിന്നും നഗര മേഖലയിലേക്ക് യാത്ര ചെയ്യുന്നത്. കൂടാതെ കയറ്റുമതി സംസ്ക്കരണശാലകൾ, അധിനിവേശ സ്മാരകങ്ങൾ തുടങ്ങിയവയുടെ ആകർഷണ കേന്ദ്രം കൂടിയാണ് പരമ്പരാഗത കൊച്ചി. ടൂറിസം ഹബായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലേക്ക് മെട്രോ റെയിൽ റൂട്ട് ഒരുക്കാമെന്നിരിക്കെയാണ് വിവിധ തല തടസ്സങ്ങളുയർത്തി കൊച്ചി മെട്രോ റെയിൽ പമ്പരാഗത കൊച്ചിയെ അവഗണിക്കുന്നതെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വാട്ടർ മെട്രോ ജെട്ടികൾ നിർമിക്കുന്നതിലും ഈ മേഖലയോട് അവഗണന തന്നെ.
മട്ടാഞ്ചേരിയിൽ ഇതുവരെ വാട്ടർ മെട്രോ ജെട്ടിയുടെ പണി പോലും ആരംഭിച്ചിട്ടില്ല. രാജ്യത്തെ തന്നെ ആദ്യ പാസഞ്ചർ ബോട്ട് ജെട്ടികളിൽ ഒന്നായ മട്ടാഞ്ചേരിയോടാണ് ഈ അവഗണനയെന്നതും ശ്രദ്ധേയമാണ്. ജനപ്രതിനിധികൾ കാര്യമായി ഇടപെടണമെന്നാണ് ആവശ്യം. കൊച്ചി മണ്ഡലത്തിൽ കൊച്ചിയുടെ പേരിലുള്ള മെട്രോ റെയിലും വാട്ടർ മെട്രോയും അന്യമാകുന്നതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നിട്ടിറങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.