പി.ആൻഡ്.ടി കോളനി പുനരധിവാസം; ഏഴ് ഫ്ലാറ്റുകളിൽ ‘ആശയക്കുഴപ്പം’
text_fieldsകൊച്ചി: വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്ന കൊച്ചി നഗരത്തിലെ പി.ആൻഡ്.ടി കോളനിക്കാർക്കായി നിർമിച്ച ഭവനസമുച്ചയത്തിൻറെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ആളുകൾക്ക് മാറാനായില്ല.
കോളനിയിലുണ്ടായിരുന്ന 83 കുടുംബങ്ങൾക്കായി 83 യൂണിറ്റുള്ള രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളാണ് തോപ്പുംപടി മുണ്ടംവേലിയിൽ നിർമിച്ചിട്ടുള്ളത്. എന്നാൽ, അന്നു കോളനിയിലുണ്ടായിരുന്ന പത്തു കുടുംബങ്ങൾ ഇവിടം വിടുകയും പുതുതായി ഏഴു പേർ ഇങ്ങോട്ട് താമസത്തിനെത്തുകയും ചെയ്തിരുന്നു.
ഇവരുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയകുഴപ്പമാണ് മറ്റുള്ളവരെയും ഫ്ലാറ്റിലേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കാലങ്ങളായി പി.ആൻ.ടി കോളനിയിൽ കഴിയുന്ന 72 കുടുംബങ്ങൾക്ക് ഫ്ലാറ്റ് യൂണിറ്റുകൾ കൈമാറുന്നതിന് തടസമില്ല.
ഇവരുമായി കരാറിലെത്തി, താക്കോൽ കൈമാറാനും പദ്ധതി നടത്തിപ്പുകാരായ കൊച്ചി കോർപറേഷനും ജി.സി.ഡി.എയും തയ്യാറാണ്. എന്നാൽ, മറ്റുള്ളവരുടെ കാര്യത്തിലും തീരുമാനമായിട്ടെ തങ്ങൾ അങ്ങോട്ടു മാറുന്നുള്ളൂവെന്ന നിലപാടിലാണ് കോളനിവാസികൾ എന്ന് മേയർ എം.അനിൽകുമാർ വ്യക്തമാക്കി. എല്ലാവർക്കും ഒരുമിച്ചു മാറാനാണ് ആഗ്രഹം.
നിലവിൽ കോളനി വിട്ടുപോയ പത്തു കുടുംബങ്ങൾക്കു പകരം ഏഴു പുതിയ കുടുംബങ്ങൾ ഇവിടെയുണ്ട്. സമുച്ചയത്തിലെ അവശേഷിക്കുന്ന ഫ്ലാറ്റുകൾ തങ്ങൾക്കു വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഈ കുടുംബങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, നിർമാണ തുടക്കത്തിൽ ഗുണഭോക്താക്കൾ മുൻപത്തെ താമസക്കാരായിരിക്കേ പുതുതായി ഇവർക്കു ഫ്ലാറ്റ് കൈമാറുന്നതിലെ സാങ്കേതിക തടസവും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം അവസാനമോ അടുത്ത മാസമോ ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം അജണ്ടയായി ചർച്ച ചെയ്യാനാണ് തീരുമാനം.
ഉദ്ഘാടനം രണ്ടരമാസം മുമ്പ്...
ജി.സി.ഡി.എയും ലൈഫ് മിഷനും ചേർന്ന് മുണ്ടംവേലിയിലെ ജി.സി.ഡി.എയുടെ 70 സെന്റ് ഭൂമിയിൽ 14.61 കോടി രൂപ ചെലവിട്ടാണ് ഫ്ലാറ്റ് സമുച്ചയം പണിതത്. സെപ്തംബർ രണ്ടിന് മന്ത്രി എം.ബി രാജേഷ് സമുച്ചയം ഉദ്ഘാടനം ചെയ്തു. അവസാനവട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചക്കകം എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
കേന്ദ്രത്തിന്റെ പി.എം.എ.വൈ ഫണ്ടായ 1.23 കോടി, സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ ഫണ്ടായ 9.03 കോടി, സി.എസ്.എം.എൽ ഫണ്ടായ 4.86 കോടി എന്നിങ്ങനെയാണ് പദ്ധതിക്കായി ചെലവഴിച്ച തുക. 2018-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭവനപദ്ധതിക്ക് കല്ലിട്ടത്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ടി.ഡി.എൽ.സി.സി.എസ്) നേതൃത്വത്തിലാണ് നിർമാണം നടത്തിയത്.
പ്രീ ഫാബ് എൻജിനിയറിങ് സാങ്കേതികവിദ്യയിൽ നാലു നിലകളിലായി ഒരുക്കിയ രണ്ടു ബ്ലോക്കുകളാണ് ഭവനസമുച്ചയത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.