പി ആൻഡ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റും
text_fieldsകൊച്ചി: അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടിൽ ദുരിതത്തിലായ പി ആൻഡ് ടി കോളനിക്കാർക്കായി മുണ്ടംവേലിയിൽ പണിത ഫ്ലാറ്റ് സമുച്ചയത്തിലേക്ക് കോളനിയിൽനിന്നുള്ള 77 കുടുംബങ്ങളെ മാറ്റും. കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോളനിയിൽ അടുത്തകാലങ്ങളിലായി വന്നുതാമസിക്കാൻ തുടങ്ങിയ അഞ്ചു കുടുംബങ്ങളുടെ കാര്യം അടുത്ത കൗൺസിലിൽ തീരുമാനിക്കുമെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി.
ജി.സി.ഡി.എയും ലൈഫ് മിഷനും ചേർന്ന് തോപ്പുംപടി മുണ്ടംവേലിയിൽ നിർമിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മാസങ്ങൾക്കുമുമ്പ് നടന്നിട്ടും കോളനിക്കാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. 82 യൂനിറ്റാണ് ഫ്ലാറ്റിൽ ഒരുക്കിയിട്ടുള്ളത്. കോളനിയിൽ പുതുതായി വന്നുതാമസിക്കുന്നവരുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കവും ആശയക്കുഴപ്പവുമാണ് പുനരധിവാസം നീളാനിടയാക്കിയത്. പി ആൻഡ് ടി കോളനി പുനരധിവാസം ആദ്യ അജണ്ടയായി പരിഗണിച്ച് ആരംഭിച്ച കൗൺസിലിൽ തുടക്കംമുതൽ കോളനി നിവാസികളുടെ എണ്ണം സംബന്ധിച്ച് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. എത്രപേരാണ് തുടക്കം മുതൽ ഉണ്ടായിരുന്നതെന്നും പുതുതായി വന്നത് എത്ര കുടുംബങ്ങളാണെന്നും ആധികാരികമായ കണക്ക് സ്ഥലം കൗൺസിലർക്കും വർക്സ് കമ്മിറ്റി ചെയർപേഴ്സനും ഉൾെപ്പടെ അവതരിപ്പിക്കാനുമായില്ല.
തുടക്കംതൊട്ട് താമസിക്കുന്നവരും രേഖകൾ കൈവശമുള്ളവരുമായ 72 പേർക്ക് വീടുകൾ കൈമാറുന്നതിനുള്ള തീരുമാനം മുൻ കൗൺസിലിൽ അംഗീകരിച്ചിരുന്നു. ബാക്കി 10 പേരുടെ കാര്യത്തിലാണ് വെള്ളിയാഴ്ചത്തെ കൗൺസിലിൽ ചർച്ചകളും വാദപ്രതിവാദങ്ങളും ഉയർന്നത്. എന്നാൽ, ഇതിൽത്തന്നെ അഞ്ചു കുടുംബങ്ങളുടെ രേഖകളും മറ്റും കൃത്യമാണെന്ന് മേയർ അറിയിച്ചു.
പുതിയ ഫ്ലാറ്റ് നിർമാണത്തെക്കുറിച്ചറിഞ്ഞ് മുമ്പ് കോളനി ഉപേക്ഷിച്ചുപോയവരും പുതുതായി ചിലരുമെല്ലാം ഇവിടെ താമസം തുടങ്ങിയിട്ടുണ്ടെന്ന് കൗൺസിലർ വി.കെ. മിനിമോൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. മേയറും ഇക്കാര്യം ശരിവെച്ചു. പുതുതായി ആവശ്യപ്പെട്ട അഞ്ചുപേർക്ക് കൊടുക്കുന്ന കാര്യം അംഗീകരിക്കാനാവില്ലെന്നും അവരെ മാറ്റിയാൽ പുതിയ അഞ്ചുകുടുംബങ്ങൾ കൂടി അവിടെ താമസം തുടങ്ങുമെന്നുമായിരുന്നു വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. റനീഷിന്റെ വാദം. 72 പേരെ ഒഴിപ്പിച്ചാൽതന്നെ വിശാലമായ ഇടം കിട്ടുമെന്നും ബാക്കിയുള്ളവരുടേത് സാവധാനം ചെയ്യാമെന്നും പ്രതിപക്ഷത്തെ എം.ജി അരിസ്റ്റോട്ടിൽ നിർദേശിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച നിയമവശങ്ങൾ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൻ പ്രിയ പ്രശാന്ത് ചൂണ്ടിക്കാട്ടി.
അർഹരെ കണ്ടെത്തി എത്രയും പെട്ടെന്ന് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു കോളനി നിലനിൽക്കുന്ന ഡിവിഷനിലെ കൗൺസിലറായ ബിന്ദു ശിവന് പറയാനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.