ബ്രഹ്മപുരത്തെ ബയോമൈനിങ് കരാർ ‘ഭൂമി ഗ്രീൻ എനർജി’ക്ക്
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഏറെക്കാലമായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് പ്രക്രിയയിലൂടെ സംസ്കരിക്കാനുള്ള കരാർ പുണെ ആസ്ഥാനമായ ‘ഭൂമി ഗ്രീൻ എനർജി കമ്പനി’ക്ക് നൽകും. കൊച്ചി കോർപറേഷൻ കൗൺസിലിന്റേതാണ് തീരുമാനം. അതേസമയം, ടണ്ണിന് 1690 രൂപയെന്ന നിരക്ക് കൂടുതലാണെന്നും റീടെൻഡർ ചെയ്യണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. വിയോജനക്കുറിപ്പ് നൽകിയ യു.ഡി.എഫ് പിന്നീട് വോട്ടെടുപ്പ് എന്ന ആവശ്യത്തിലേക്കെത്തി. യു.ഡി.എഫിലെ 25 കൗൺസിലർമാരുടെ എതിർപ്പോടും ബി.ജെ.പി പിന്തുണയോടുമാണ് അജണ്ട പാസായത്.
‘16 മാസത്തിനുള്ളിൽ പൂർത്തിയാക്കണം’
ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ബയോമൈനിങ് എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് മേയർ പറഞ്ഞു. ഹൈകോടതിയും ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ 16 മാസത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കണമെന്ന നിലവിലെ കരാറിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവൃത്തി പൂർത്തീകരിക്കുന്ന സമയം ദീർഘിപ്പിച്ചാൽ നിരക്ക് കുറക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. പരിചയസമ്പന്നരായ കമ്പനികളുടെയും വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് ബയോമൈനിങ്ങിനുള്ള സമയപരിധി 28 മാസമായി ദീർഘിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
കഴിഞ്ഞ കൗൺസിലിന്റെ തീരുമാനപ്രകാരം ഭൂമി ഗ്രീൻ എനർജിയുടെ പ്ലാന്റ് സന്ദർശിച്ച കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ (യു.ഡി.എഫ്), ആർ. രതീഷ് (എൽ.ഡി.എഫ്), രഘുറാം പൈ (ബി.ജെ.പി) എന്നിവർ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച് നൽകിയ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് കമ്പനിയെ ബയോമൈനിങ് ചുമതല ഏൽപിച്ചത്.
ബയോമൈനിങ്ങിന്റെ അവശിഷ്ടമായ ആർ.ഡി.എഫ് ഉത്തരേന്ത്യൻ കമ്പനികളിലേക്ക് എത്തിക്കാൻ കൂടുതൽ ചെലവ് വരുന്നതിനാലാണ് നിരക്ക് വർധിച്ചത്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റില്ലാതെ കൊച്ചിക്ക് അധികകാലം മുന്നോട്ടുപോകാൻ കഴിയില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.
ബയോമൈനിങ് ആരംഭിക്കുംമുമ്പ് വിദഗ്ധ ഏജൻസിയെക്കൊണ്ട് ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തും.
കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകില്ലെന്നും പ്രവൃത്തി തീരുന്ന മുറക്ക് പ്രതിഫലം നൽകുമെന്നും വ്യക്തമാക്കി. മികച്ച വിറ്റുവരവുള്ള കമ്പനിയായതിനാൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
ഭൂമി ഗ്രീൻ എനർജിയേക്കാൾ മൂന്നിരട്ടി പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് ടെൻഡറിൽ പങ്കെടുത്ത സിഗ്മ ഗ്ലോബൽ കമ്പനിയെ ഒഴിവാക്കിയത്. കേന്ദ്ര സർക്കാറിൽനിന്ന് ഗ്രാന്റായി ലഭിച്ച 38.7 കോടി രൂപ ബയോമൈനിങ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ടും അധികം വൈകാതെ ലഭിക്കും. പ്രവൃത്തി തൃപ്തികരമാണെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര നഗരാസൂത്രണ വിഭാഗം മേധാവി തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. അതിനാൽ സാമ്പത്തികം പ്രശ്നമാവില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപറേഷൻ ബയോമൈനിങ്ങിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം.
പരിശോധിക്കാൻ സ്വതന്ത്ര ഏജൻസി
ബയോമൈനിങ്ങുമായുള്ള ബന്ധപ്പെട്ട ഫയലുകൾ ധനകാര്യ സമിതിക്ക് പരിശോധിക്കാമെന്ന് മേയർ ചൂണ്ടിക്കാട്ടി. പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാറിന്റെ സ്വതന്ത്ര ഏജൻസിയായ നാഷനൽ എൻവയേൺമെന്റ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തും. കരാറിൽ അഴിമതിയുണ്ടെന്നും മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നും യു.ഡി.എഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.