ലഹരി കേന്ദ്രങ്ങളിൽ റെയ്ഡ്: 41 കേസ്, 47 പ്രതികൾ അറസ്റ്റിൽ
text_fieldsകൊച്ചി: ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് ഇനിയും കുറഞ്ഞിട്ടില്ല. പരിശോധന വർധിപ്പിച്ചും ലഹരി വിപണനക്കാരെ അഴിക്കുള്ളിലാക്കിയും പൊലീസും എക്സൈസും ജാഗ്രത തുടരുമ്പോഴും രാസലഹരി ഉൾപ്പെടെ യഥേഷ്ടം എത്തുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സമീപദിവസങ്ങളിൽ ഉൾപ്പെടെ നിരവധിയാളുകളെയാണ് ലഹരിയുമായി അന്വേഷണ സംഘങ്ങൾ പിടികൂടിയത്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ മറവിൽ അരങ്ങേറാനിടയുള്ള ലഹരി പാർട്ടികൾ തടയാനും അവിടേക്ക് കൊണ്ടുവരുന്ന അനധികൃത മദ്യം മുതൽ രാസലഹരി വരെയുള്ളവ പിടികൂടാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ശക്തമായ നടപടി ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ 60 കേന്ദ്രങ്ങളിൽ തുടങ്ങിയ പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് നീണ്ടു. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. വിവിധ സ്റ്റേഷനുകളിലായി 41 കേസ് രജിസ്റ്റർ ചെയ്തു. 47 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും കഞ്ചാവും പരിശോധനയിൽ പിടികൂടി.
രാസലഹരി ഒഴുകുന്നു
ഏതാനും ദിവസങ്ങൾക്കുള്ളിൽ വൻതോതിലുള്ള രാസലഹരി പദാർഥങ്ങളാണ് പൊലീസ്, എക്സൈസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെടുത്തത്. നഗരത്തിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കാക്കനാട്, ഹൈകോടതി ഭാഗം എന്നിവിടങ്ങളിൽ നിന്നൊക്കെ യുവതീ-യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിരവധി പ്രതികൾ പിടിയിലായി. പളളുരുത്തിയിൽ നടന്ന പരിശോധനയിൽ 13.82 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു. കൊച്ചി സിറ്റി ഡാൻസാഫ് പോറ്റക്കുഴി റോഡിൽ മാടവന ലൈനിലെ റെസിഡൻസിയിൽ നടത്തിയ പരിശോധനയിൽ 5.32 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
പള്ളിമുക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ 0.97 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 04.70 ഗ്രാം എം.ഡി.എം.എ എന്നിവയുമായും പ്രതി കുടുങ്ങി. 0.3668 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 0.899 ഗ്രാം എം.ഡി.എം.എ എന്നിവയുമായി പ്രതികൾ കുടുങ്ങിയ സംഭവവുമുണ്ട്. യുവതികൾ ഉൾപ്പെടെയുള്ളവരെയാണ് രാസലഹരി കേസുകളിൽ കുടുങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാച്ച്യു ജങ്ഷനിലെ ഫ്ലാറ്റിൽ നിന്ന് 94 ഗ്രാം എം.ഡി.എം.എയും 14 ഗ്രാം ബ്രൗൺഷുഗറുമായി സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് വില്പനയ്ക്കായി എത്തിച്ചു നൽകിയയാളും പിന്നിട് കൂടുങ്ങി. പെരുമ്പാവൂരിൽ വിവിധ കേസുകളിലായി എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്. കൊച്ചിയിൽ നടക്കുന്ന ഡാൻസാഫിന്റെ അന്വേഷണത്തിൽ നിരവധി പേർ കുടുങ്ങിയിരുന്നു.
പിന്തുടർന്ന് പിടിച്ച് പൊലീസ്
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റെയ്ഡുകൾ സംഘടിപ്പിച്ചു.
നേരത്തെ ലഹരി വിൽപന കേസുകളിൽ സ്ഥിരം പ്രതികളായവർ, നിലവിൽ ജയിലിന് വെളിയിൽ കഴിയുന്നവർ, ഇവർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നവർ, എത്തിക്കുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.