മധ്യകേരളത്തിലെ യാത്രാദുരിതം: മുഖം തിരിച്ച് റെയിൽവേ
text_fieldsകൊച്ചി: മധ്യകേരളത്തിലെ ട്രെയിൻ യാത്രാദുരിതത്തിൽ പരിഹാരം വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് റെയിൽവേ. രാവിലെ കോട്ടയം-എറണാകുളം പാതയിൽ പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് ട്രെയിനുകൾക്കിടയിലുള്ള ഒന്നര മണിക്കൂർ ഇടവേളയിൽ മെമു സർവിസ് ആരംഭിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. കൊല്ലത്തുനിന്ന് രാവിലെ പുറപ്പെട്ട് എട്ടിന് കോട്ടയത്തെത്തി 9.15ന് എറണാകുളം ജങ്ഷനിൽ അവസാനിക്കുന്ന ട്രെയിൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇതേ ട്രെയിൻ വൈകീട്ട് 5.40ന് എറണാകുളം ജങ്ഷനിൽനിന്ന് തിരിച്ചും സർവിസ് നടത്തണം. ഇതിലൂടെ രാവിലെയും വൈകീട്ടും ട്രെയിനുകളിലെ തിരക്ക് കുറക്കാനാകും. നിലവിൽ പാലരുവി, വേണാട് ട്രെയിനുകൾ തിങ്ങിനിറഞ്ഞാണ് സർവിസ് നടത്തുന്നത്. പാലരുവിയിൽ തിരക്കുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവാണ്. എന്നാൽ, ഇതിനെക്കാളേറെ തിരക്കുള്ള ട്രെയിനുകൾ പലയിടത്തും സർവിസ് നടത്തുന്നുണ്ടെന്ന വാദമാണ് റെയിൽവേ മുന്നോട്ടുവെക്കുന്നത്.
വന്ദേഭാരത് എക്സ്പ്രസിനുവേണ്ടി പാലരുവി എക്സ്പ്രസ് സ്റ്റേഷനുകളിൽ 20 മിനിറ്റോളം പിടിച്ചിടുന്ന രീതിക്കും മാറ്റം വന്നിട്ടില്ല. നിലവിൽ രാവിലെ കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ സൗത്തിലേക്ക് മറ്റ് ട്രെയിനുകൾ കോട്ടയത്തുനിന്ന് എത്തുന്നില്ല. ഉച്ചക്ക് 1.35നുശേഷം വൈകീട്ട് 6.15ന് മാത്രമേ എറണാകുളം സൗത്തിൽനിന്ന് കോട്ടയത്തേക്ക് മറ്റൊരു ട്രെയിനുള്ളൂ. ഉച്ചകഴിഞ്ഞ് 3.30നും 4.30നും ഇടയിൽ ഒരു മെമു സർവിസ് കൊല്ലത്തേക്ക് ആരംഭിക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ, റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂല മറുപടിയില്ലാത്തതിന്റെ നിരാശയിലാണ് യാത്രക്കാർ. ഉച്ചക്ക് 1.35നുള്ള മെമു തിങ്കളാഴ്ചയും സർവിസ് നടത്തണമെന്ന ആവശ്യവുമുണ്ടെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. പോൾ മാൻവെട്ടം പറഞ്ഞു.
വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷൻ ഒഴിവാക്കിയതോടെ പാലരുവിയിലെ തിരക്ക് വീണ്ടും കൂടി. മെമുവിന്റെ റേക്കുകൾ ലഭ്യമല്ലെങ്കിൽ എൽ.എച്ച്.ബിയിലേക്ക് നവീകരിച്ചപ്പോൾ ഒഴിവാക്കപ്പെട്ട ട്രെയിനുകളുടെ കോച്ചുകൾ ഉപയോഗിച്ച് താൽക്കാലികമായി യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ തയാറാകണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടിവ് അംഗം അജാസ് വടക്കേടം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.