മഴ‘ക്കോള’ടിച്ച് എറണാകുളം ജില്ല
text_fieldsകൊച്ചി: ഉച്ചകഴിയുന്നതോടെ മാനം കറുത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴ... ഇതാണ് ഏതാനും ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ.
ജില്ലയിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 179.7 മില്ലീമീറ്റർ മഴയാണ് സാധാരണ ഒക്ടോബർ ഒന്ന് മുതൽ 15 വരെ ലഭിക്കേണ്ടത്. ഇത്തവണ ഈ കാലയളവിൽ 218.3 ശതമാനം മഴയാണ് ലഭ്യമായത്.
വരുംദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
മറ്റ് പലസ്ഥലങ്ങളിലും ഒറ്റപ്പെട്ട മിതമായതും ഇടത്തരം രീതിയിലുള്ളതുമായ മഴയുമുണ്ടായി. പതിവുപോലെ ഒറ്റ മഴയിൽതന്നെ വെള്ളം കയറുന്ന സ്ഥിതിയാണ് കൊച്ചി നഗരത്തിന്റെ വിവിധയിടങ്ങളിലുണ്ടായത്. തിങ്കളാഴ്ച ജില്ലയിൽ യെല്ലോ അലർട്ടാണ്.
കഴിഞ്ഞ ദിവസങ്ങളിൽ എം.ജി റോഡ്, എറണാകുളം നോർത്ത്, സൗത്ത്, പുല്ലേപ്പടി അരങ്ങത്ത് റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വേഗത്തിൽ വെള്ളം കയറുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പരിസരത്തുള്ള വ്യാപാരികളടക്കം മഴ കനക്കുമ്പോൾ ഭീതിയിലാണ്. മഴയിൽ വൈപ്പിൻ കുഴുപ്പിള്ളിയിൽ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞു.
ഇടിമിന്നലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്. മിന്നലിന്റെ ആഘാതമുണ്ടായാൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തേക്കാം. മിന്നലേറ്റയാൾക്ക് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ
- ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിത കെട്ടിടത്തിലേക്ക് മാറുക.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാനും ശ്രമിക്കുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
- തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി പ്രവഹിച്ചേക്കാം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല.
- പട്ടം പറത്തുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽരക്ഷ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
ജില്ലയിൽ ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ പെയ്ത മഴയുടെ അളവ് (മില്ലീമീറ്ററിൽ)
- എറണാകുളം സൗത്ത്- 133
- ആലുവ- 20
- നെടുമ്പാശ്ശേരി വിമാനത്താവളം- 36.4
- പിറവം- 18.1
- പെരുമ്പാവൂർ- 60.0
- ചൂണ്ടി- 30
- ഇടമലയാർ അണക്കെട്ട്- 46
- നീലീശ്വരം- 25.5
- പള്ളുരുത്തി- 96
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.