തോരുന്നില്ല, മഴയും ദുരിതവും
text_fieldsകൊച്ചി: മഴ പൊതുവെ കുറഞ്ഞുനിന്ന ഒരു പകലിന് ശേഷം രാത്രിയോടെ മഴ കനത്തത് ഇരുട്ടടിയായി. വെള്ളം താഴ്ന്ന പ്രദേശങ്ങളിലൊക്കെ നേരം വെളുത്തപ്പോൾ വീണ്ടും വെള്ളം കയറി.അതിതീവ്രമായ മഴയാണ് പലയിടങ്ങളിലും പെയ്തത്. മഴ രാത്രിയിലും തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
നിരവധി വീടുകളിൽ വെള്ളം കയറി.പലരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചാലക്കുടി പുഴയിൽ വൈകീട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും മാറിത്താമസിക്കാൻ നിർദേശിക്കുകയും ചെയ്തു.
ചാലക്കുടിയാറിൽ നീരൊഴുക്ക് വർധിച്ചതോടെ പുത്തൻവേലിക്കരയിലെ വിവിധ ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ടിലായി.പശ്ചിമ കൊച്ചിയിലും വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. പലയിടങ്ങളിൽ മരങ്ങൾ വീണും റോഡ് തകർന്നും ഗതാഗതം തടസ്സപ്പെട്ടു.
ചിലയിടങ്ങളിൽ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ 21ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു ഉണ്ടായിരുന്നത് അത് 19 ക്യാമ്പുകളായി കുറഞ്ഞു. നിലവിൽ 768 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.ഏലൂർ ബോസ്കോ കോളനിയിൽ വെള്ളംകയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു.
പാറക്കടവിലും കുന്നുകരയിലും അതിജാഗ്രത
പാറക്കടവ്: ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പാറക്കടവ്, കുന്നുകര പഞ്ചായത്തുകളിൽ അതിജാഗ്രത. 2018 ലെ പ്രളയം ദുരിതക്കയമാക്കിയ പ്രദേശങ്ങളാണിവ.വ്യാഴാഴ്ച ഉച്ചക്കുശേഷം പെരിങ്ങൽക്കുത്ത് തുറന്നതോടെ വൈകീട്ട് ചാലക്കുടിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. രാത്രി വൈകിയാകും അവിടെ നിന്നുള്ള മുഴുവൻ വെള്ളവും പാറക്കടവ് പ്രദേശത്ത് എത്തിച്ചേരുക.
2018ൽ പ്രളയത്തിനിരയായ പ്രദേശങ്ങളിലെ മുഴുവൻ വീട്ടുകാരോടും മാറി താമസിക്കാൻ രാവിലെ മുതൽ അധികൃതർ നിർദേശിച്ചു. പാറക്കടവ് പഞ്ചായത്തിലെ മുതുകാട്, ഐനിക്കത്താഴം പ്രദേശങ്ങൾ നിലവിൽ വെള്ളക്കെട്ടിലാണ്. ഇവിടെനിന്ന് 84 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണങ്കുഴിശ്ശേരി, ചെട്ടിക്കുളം അംഗൻവാടികളിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. അതിന് പുറമെ എളവൂർ ഗവ. എൽ.പി സ്കൂൾ, സെന്റ് ആന്റണീസ് എൽ.പി സ്കൂൾ, മള്ളൂശ്ശേരി, വട്ടപ്പറമ്പ് എൽ.പി സ്കൂളുകൾ, പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുതുതായി ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വ്യാഴാഴ്ച ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പാറക്കടവ് പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.അതിനിടെ പഞ്ചായത്തിലെ പ്രളയഭീഷണിയുള്ള പ്രദേശങ്ങൾ റോജി.എം. ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ വൈസ് പ്രസിഡന്റ് ജെയ്സി ടോമി, പഞ്ചായത്ത് അംഗം കെ.വൈ ടോമി തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
അത്താണി: ചാലക്കുടി പുഴയിൽ ജലവിതാനം ഉയർന്നതോടെ അങ്കമാലി- മാഞ്ഞാലിത്തോടിന്റെ കരകളിലുള്ള നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരി, ചൂണ്ടാൻ തുരുത്തി ഭാഗങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി.ഏതാനും കുടുംബങ്ങളെ മേയ്ക്കാട് സീയോൻ ഹാളിലെ തുറന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.അത്താണി മാർക്കറ്റിനടുത്ത പാറയിൽ ഭാഗത്ത് വ്യാഴാഴ്ചയും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതേത്തുടർന്ന് മാർക്കറ്റിലെ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലേക്ക് ഇവരെ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.