മഴ; കൊച്ചിയിൽ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം 1321 ആയി
text_fieldsകൊച്ചി: മഴക്കെടുതിയെത്തുടർന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം 1321 ആയി. ജില്ലയിൽ 35 ഇടത്താണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 439 കുടുംബമാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 535 പേർ പുരുഷന്മാരും 561 പേർ സ്ത്രീകളുമാണ്. 225 കുട്ടികളും 19 മുതിർന്ന പൗരന്മാരുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.
പകൽ മഴ കുറഞ്ഞ് നിന്നതിനാൽ പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് കൂടിയില്ലെങ്കിലും ആശങ്കയിൽ തന്നെയാണ് ജില്ല. വെള്ളിയാഴ്ച രാവിലെ പെയ്ത ശക്തമായ മഴ ഭീതി ഉയർത്തിയിരുന്നു. എന്നാൽ, ഇതിനുശേഷം കാര്യമായ മഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ലഭിച്ചില്ല. ഒറ്റപ്പെട്ട മഴ പലയിടങ്ങളിലുമുണ്ടായെങ്കിലും നദികളിലെയും തോടുകളിലെയും ജലനിരപ്പിനെ ബാധിക്കും വിധം പെയ്തില്ല.
വെള്ളിയാഴ്ച പകൽ നദികളിൽ ജലനിരപ്പ് താഴ്ന്നനിലയിലാണ്. എന്നാൽ, അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ നിന്നുമെത്തുന്ന വെള്ളം വീണ്ടും ജലനിരപ്പ് ഉയർത്തിയേക്കുമെന്ന ആശങ്കയുണ്ട്. പറവൂരിലെ പുത്തൻവേലിക്കര മേഖലയിലാണ് വെള്ളം കയറുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഭൂതത്താൻകെട്ട് അണക്കെട്ടിൽ 29.90 മീറ്ററായിരുന്നു വെള്ളിയാഴ്ച വൈകീട്ടത്തെ ജലനിരപ്പ്. ഇവിടെ പരമാവധി ജലനിരപ്പ് 34.95 മീറ്ററാണ്. 169 മീറ്റർ പരമാവധി ശേഷിയുള്ള ഇടമലയാർ അണക്കെട്ടിൽ 160.33 മീറ്ററായിരുന്നു ജലനിരപ്പ്.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് പകൽസമയത്ത് താഴുകയായിരുന്നെങ്കിലും അപകട നിലയെക്കാൾ മുകളിലാണെന്നത് ആശങ്കയായി. തൊടുപുഴയാറിെൻറ മൂവാറ്റുപുഴയിലെ റിവർ ഗേജ് സ്റ്റേഷനിൽ 11.09 മീറ്ററായിരുന്നു ജലനിരപ്പ്. കാളിയാർ പുഴയുടെ കാലാംപൂർ റിവർഗേജ് സ്റ്റേഷനിൽ 11.88 മീറ്റർ, കക്കടാശ്ശേരിയിലെ റിവർഗേജ് സ്റ്റേഷനിൽ 11.815 മീറ്റർ എന്നിങ്ങനെയുമാണ് ജലനിരപ്പ്. മൂവാറ്റുപുഴയാറിെൻറ കച്ചേരിത്താഴത്തെ റിവർഗേജ് സ്റ്റേഷനിൽ 11.415 മീറ്ററായിരുന്നു ജലനിരപ്പ്. ഇവിടെ അപകടസാധ്യത ജലനിരപ്പ് 11.015 ആണ്.
പെരിയാറിൽ മാർത്താണ്ഡവർമ, മംഗലപ്പുഴ, കാലടി മേഖലകളിൽ ജലനിരപ്പ് താഴുന്നതായാണ് വ്യക്തമാക്കുന്നത്. മാർത്താണ്ഡവർമ പാലത്തിന് സമീപം 2.815 മീറ്റർ, മംഗലപ്പുഴ 2.55 മീറ്റർ, കാലടി 5.055 എന്നിങ്ങനെയായിരുന്നു ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.