വായനദിനം; വായിച്ചു വളരാം
text_fieldsകൊച്ചി: വായനവസന്തമൊരുക്കാൻ കർമപദ്ധതികളൊരുക്കി ലൈബ്രറി കൗൺസിൽ. പുതുതലമുറയിൽ വായനശീലം കുറയുകയാണെന്ന മുറവിളികൾക്കൊടുവിലാണ് മുതിർന്നവരിലും കുട്ടികളിലും വായനതാൽപര്യമുണർത്താൻ വൈവിധ്യമാർന്ന കർമപരിപാടികൾ കാര്യക്ഷമമാക്കുന്നത്. ജില്ലയിൽ കൗൺസിലിന് കീഴിലെ മുഴുവൻ വായന-ഗ്രന്ഥശാലകളിലും ഇതിനുള്ള പരിശ്രമത്തിലാണ്. സാധാരണക്കാർ, വിദ്യാർഥികൾ, പ്രഫഷനലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടികൾ. വിദ്യാലയങ്ങൾ, കുടുംബശ്രീ, തൊഴിലാളിസംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കിയാണ് പരിപാടികൾ കാര്യക്ഷമമാക്കുന്നത്.
മൂവാറ്റുപുഴ: വായനദിനാചരണത്തോടനുബണ്ഡിച്ച് വിപുലമായ സാംസ്കാരിക പരിപാടികൾക്ക് താലൂക്കിലെ ലൈബ്രറികൾ നേതൃത്വം നൽകും. വായനദിനമായ ഇന്ന് താലൂക്കിലെ 74 ഗ്രന്ഥശാലയും സമീപത്തെ സ്കൂൾ കുട്ടികളോടൊപ്പം ചേർന്ന് പ്രതിജ്ഞയെടുക്കും. പി.എൻ. പണിക്കർ അനുസ്മരണത്തോടൊപ്പം എല്ലാ ഗ്രന്ഥശാലകളിലും വീട്ടക വായന സദസ്സിന്റെ ഉദ്ഘാടനവും നടക്കും. പുസ്തകങ്ങളെക്കുറിച്ച് ചർച്ച, വി. സാംബശിവൻ അനുസ്മരണം, വിവിധ മത്സരങ്ങൾ എന്നിവ നടക്കുമെന്ന് കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ പറഞ്ഞു.
ജില്ലയിൽ 548 ഗ്രന്ഥശാലകൾ
കൗൺസിലിനുകീഴിൽ അഫിലിയേറ്റ് ചെയ്ത 548 ലൈബ്രറിയാണ് ജില്ലയിലുള്ളത്. വായനപക്ഷാചരണത്തോടനുബന്ധിച്ച് ഇവിടങ്ങളിലെല്ലാം ബുധനാഴ്ച മുതൽ ജൂലൈ ഏഴുവരെ വ്യത്യസ്തമാർന്ന പരിപാടികളുണ്ടാകും. ജില്ലയിൽ ഒമ്പത് വായനശാല എ പ്ലസ് ഗ്രേഡിലുളളതാണ്. കുന്നത്തുനാട് -1, കണയന്നൂർ -1, ആലുവ -3, കോതമഗംലം -1, നോർത്ത് പറവൂർ -3 എന്നിങ്ങനെയാണത്. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. എ പ്ലസ് ഗ്രേഡുകാർക്ക് പുസ്തക ഗ്രാൻറായി പ്രതിവർഷം 50,000 രൂപയും ലഭിക്കും. കൂടാതെ, 91 ലൈബ്രറികൾക്ക് എ ഗ്രേഡും 101 എണ്ണത്തിന് ബി ഗ്രേഡുമുണ്ട്.
ഇഷ്ടപുസ്തകം വീട്ടിലെത്തിക്കാം
പുസ്തക പ്രേമികൾക്ക് ഇഷ്ടപുസ്തകം വീട്ടിലെത്തിച്ച് നൽകാൻ ആരംഭിച്ച പരിപാടിയാണ് ‘വീട്ടിലേക്കൊരു പുസ്തകം’ പദ്ധതി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.സി ഗ്രേഡുള്ള ലൈബ്രറികളിലെ ലൈബ്രേറിയൻമാർ 100 വീടുകളിൽ പുസ്തകമെത്തിച്ച് നൽകും. വായനതൽപരരായവർ ആവശ്യപ്പെടുന്ന പുസ്തകമാണ് നൽകുന്നത്. ഇതിനായി ലൈബ്രേറിയൻമാർക്ക് പ്രത്യേക അലവൻസും നൽകുന്നുണ്ട്. ഇതോടൊപ്പം വായനോത്സവമടക്കമുള്ള മറ്റ് പരിപാടികളും നടപ്പാക്കുന്നുണ്ട്. അപൂർവ ഗ്രന്ഥങ്ങളടക്കം പുസ്തകങ്ങളുടെ വലിയശേഖരം തന്നെ പല ഗ്രന്ഥാലയങ്ങളിലുമുണ്ട്. ഒന്നരലക്ഷത്തോളം പുസ്തക ശേഖരവുമായി എറണാകുളം പബ്ലിക് ലൈബ്രറിയാണ് ഗ്രന്ഥശേഖരണത്തിൽ മുന്നിൽ. ഒരു ലക്ഷത്തിൽ താഴെ ഗ്രന്ഥശേഖരവുമായി മറ്റ് നിരവധി ലൈബ്രറികളുമുണ്ട്.
‘എഴുത്തുപെട്ടി’യും ‘വായനവസന്ത’വും
കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് യു.പി സ്കൂൾ വിദ്യാർഥികൾക്കായി ‘എഴുത്തുപെട്ടി’ പദ്ധതി ആരംഭിച്ചത്. കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ച കുറിപ്പുകൾ സ്കൂളുകളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിക്ഷേപിക്കും. ഈ കുറിപ്പുകൾ അധ്യാപകരുടെ സഹായത്തോടെ മൂല്യനിർണയം നടത്തും. ഏറ്റവും നല്ല കുറിപ്പെഴുതിയ കുട്ടിക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി. കൂടാതെ, ലൈബ്രറി പരിധിയിലെ നാലുവീട് കേന്ദ്രീകരിച്ച് വീട്ടമ്മമാർ, തൊഴിലാളികൾ, വിദ്യാർഥികൾ അടക്കമുള്ള 40 മുതൽ 50 വരെ ആളുകളെ സംഘടിപ്പിച്ച് പുസ്തകവായനയും ചർച്ചയും സംഘടിപ്പിക്കുന്നതാണ് ‘വായനവസന്തം’ പരിപാടി ലക്ഷ്യമിടുന്നത്.
‘ഗ്രന്ഥശാലകളുടെ എണ്ണം വർധിക്കുന്നത് ആശ്വാസകരം’
വായന കുറയുകയാണെന്ന മുറവിളികൾക്കിടയിലും ജില്ലയിൽ വായനശാലകളുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ. കഴിഞ്ഞവർഷം മാത്രം പുതുതായി 10 വായനാശാലയാണ് ആരംഭിച്ചത്. ഇത് ശുഭകരമാണ്. പൊതുസമൂഹത്തിൽ വായനതാൽപര്യം സജീവമാക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.