തോട്ടം ലയങ്ങളുടെ നവീകരണം; ഉടമകൾക്കെതിരെ കർശന നടപടിക്ക്
text_fieldsകൊച്ചി: തോട്ടം ലയങ്ങളുടെ നവീകരണത്തിൽ കർശന നടപടിക്കൊരുങ്ങി തൊഴിൽ വകുപ്പ്. ലയങ്ങളിൽ തൊഴിലാളികൾക്ക് ഭീതി കൂടാതെ കഴിയാൻ സാഹചര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്ന തോട്ടം ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുമായി തൊഴിൽ വകുപ്പ് രംഗത്തെത്തിയത്.
സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ അടുത്തിടെ തോട്ടങ്ങളിൽ നടത്തിയ പരിശോധനയിൽ ലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു. ലയങ്ങളുടെ ശോച്യാവസ്ഥയും ചികിത്സാസൗകര്യങ്ങളുടെ കുറവും മറ്റു തൊഴിൽ നിയമലംഘനവുമാണ് പലയിടത്തും കണ്ടെത്തിയത്.
തകർച്ചയിലായ ലയങ്ങളുടെ നവീകരണത്തിന് 2022-23, 2023-24 ബജറ്റുകളിൽ പത്തുകോടി വീതം അനുവദിച്ചിരുന്നു. എന്നാൽ, ഈ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പത്തെതുടർന്ന് ലയങ്ങളിലെ അടിസ്ഥാന സൗകര്യമുറപ്പാക്കൽ നീണ്ടുപോയി. തോട്ട ഉടമകളുടെ നിസ്സഹകരമാണ് ഇതിന് കാരണമെന്നാണ് വിമർശനം.
ഇടുക്കിയിലടക്കം കാലപ്പഴക്കംമൂലം നിരവധി ലയങ്ങൾ നിലംപൊത്തി. ബാക്കി ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. തോട്ടം മാനേജ്മെന്റുകൾ നഷ്ടത്തിന്റെ കണക്കുകൾ നിരത്തി പലപ്പോഴും ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് കർശന നടപടികൾക്ക് തൊഴിൽ മന്ത്രിയടക്കം നിർദേശം നൽകിയത്.
2018ൽ മൂന്നാറിൽ പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ലയങ്ങൾ നവീകരിക്കണമെന്ന ആവശ്യം ഉയർന്നത്. തുടർന്ന് രണ്ട് വാർഷിക ബജറ്റുകളിലായി ലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനടക്കം 20 കോടി രൂപ അനുവദിച്ചു. എന്നാൽ, വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടക്കാത്തതിനാൽ ഈ മഴക്കാലവും ലയങ്ങളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. തേയില, ഏല ത്തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് കഴിയുന്നത്. ചെറിയ ഒറ്റമുറിയും അടുക്കളയുമുള്ള ലയങ്ങളിലാണ് നാലും അഞ്ചും അംഗങ്ങൾ താമസിക്കുന്നത്. ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് പത്ത് കോടിയുടെ പദ്ധതി പ്ലാന്റേഷൻ ഡയറക്ടറേറ്റ് സർക്കാറിന് നൽകിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ലയങ്ങൾ നവീകരിക്കാൻ അനുവദിച്ച ഫണ്ട് വിനിയോഗത്തിൽ ധനകാര്യവകുപ്പ് തൊഴിൽ വകുപ്പിനോട് കൂടുതൽ വിശദീകരണവും തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.