പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം; ഫ്ലാറ്റിന് വേണ്ടി കൂടുതൽപേർ
text_fieldsകൊച്ചി: ഫ്ലാറ്റിന് വേണ്ടി കൂടുതൽപേർ രംഗത്തെത്തിയതോടെ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിൽ ആശയക്കുഴപ്പം. മുണ്ടംവേലിയിൽ പണിതീർത്ത ഫ്ലാറ്റിൽ പുനരധിവസിപ്പിക്കാനുള്ള ഏഴ് പേരുടെ കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് ക്ഷേമകാര്യ സമിതിയെ കോർപറേഷൻ കൗൺസിൽ ചുമതലപ്പെടുത്തി. സ്ഥിതിഗതികൾ പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ അർഹരായ വീട്ടുടമകളെ കണ്ടെത്തുന്നതിനാണ് തീരുമാനം.
അതേസമയം, മുൻ യു.ഡി.എഫ് ഭരണസമിതി 2018 ൽ തയാറാക്കിയ പട്ടികയിൽ നിന്നുള്ള 74 പേരെ കഴിയുന്നത്ര വേഗത്തിൽ മുണ്ടംവേലിയിലെ പുതിയ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കുമെന്ന് മേയർ പറഞ്ഞു. 83 ഫ്ലാറ്റുകളാണ് മുണ്ടംവേലിയിലെ ഭവനസമുച്ചയത്തിൽ നിർമിച്ചിരിക്കുന്നത്. കോളനിനിവാസികളായ 82പേരെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്. ഒരു ഫ്ലാറ്റ് കഴിഞ്ഞ മാർച്ച് രണ്ടിലെ സർക്കാർ ഉത്തരവ് പ്രകാരം ലിജേഷ് എന്ന വ്യക്തിക്ക് കൈമാറും.
അംഗീകൃത ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരും 2021 ആഗസ്റ്റ് 17ന് നടന്ന കൗൺസിൽയോഗം അംഗീകരിച്ചതുമായ 82പേർ ഉൾപ്പെട്ട ലിസ്റ്റിൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 74പേർ കോളനിയിൽ താമസിക്കുന്നതായി സ്ഥിരീകരിച്ചു. ഇവർക്കെല്ലാം മുണ്ടംവേലിയിൽ ഫ്ലാറ്റ് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഏഴു ഫ്ലാറ്റുകളെ ചൊല്ലിയാണ് തർക്കം.
300 സി.സി ടി.വി കാമറകൾ കൂടി
പൊലീസ് സേനക്ക് 150 കാമറ നൽകും
കൊച്ചി: എറണാകുളം നഗരത്തിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ 300 സി.സിടി.വി കാമറകൾ സ്ഥാപിക്കാൻ തീരുമാനം. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നഗരത്തിൽ കാമറകൾ സ്ഥാപിക്കണമെന്ന കോടതി നിർദേശം നിലവിലുണ്ടെന്ന് മേയർ പറഞ്ഞു. മൂന്നാം തവണയാണ് ഇതേ അജണ്ട കൗൺസിൽ പരിഗണിച്ചത്.
പൊലീസ് സേനക്ക് 150 കാമറകൾ നൽകും. ആരോഗ്യകാര്യസമിതി നിർദേശിച്ച സ്ഥലങ്ങളിൽ അവശേഷിച്ചവ സ്ഥാപിക്കും. എന്നാൽ, കോഴിക്കോട് കോർപറേഷനിൽ കാമറകൾ സ്ഥാപിച്ച സതേൺ ഇലക്ട്രോണിക്സ് ആൻഡ് സെക്യൂരിറ്റി സിസ്റ്റംസ് എന്ന കമ്പനിക്ക് പത്തു വർഷത്തേക്ക് കരാർ നൽകാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിർത്തു. കാമറ വെക്കുന്നതിന് പകരമായി നഗരത്തിൽ സി.എസ്.എം.എൽ സ്ഥാപിച്ച വിളക്കുകാലുകളിൽ പത്തു വർഷത്തേക്ക് 600 പരസ്യബോർഡുകൾ വെക്കുന്നതിനു അനുമതി നൽകണമെന്നാണ് കരാർ. ഇതുവഴി പരസ്യഇനത്തിൽ കോടികളുടെ വരുമാനം കോർപറേഷന് നഷ്ടപ്പെടുമെന്ന് ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനിക്ക് അന്യായലാഭം ഉണ്ടാക്കാൻ മേയർ കൂട്ടുനിൽക്കുന്നത് അഴിമതിയാണെന്ന് അവർ കുറ്റപ്പെടുത്തി. പത്തു വർഷമെന്ന കാലാവധി കുറക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.