രണ്ട് കിലോ കഞ്ചാവുമായി ഇടപ്പള്ളി സ്വദേശി പിടിയിൽ
text_fieldsകൊച്ചി: രണ്ട് കിലോ കഞ്ചാവുമായി ഇടപ്പള്ളി സ്വദേശി പിടിയിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇടപ്പള്ളി നോർത്ത് സൊസൈറ്റിപ്പടി ആനൊട്ടിപറമ്പിൽ വീട്ടിൽ സലിം (45) ആണ് പിടിയിലായത്. ചേരാനല്ലൂർ തട്ടാംപടി ഭാഗത്ത് വെച്ചാണ് ഇയാളെ ചേരാനല്ലൂർ പൊലീസ് പിടികൂടിയത്. ഇയാളെ ഒരു മാസത്തോളം പൊലീസ് തുടർച്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. തമിഴ്നാട് കമ്പം ഭാഗത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് പൊതികളിലാക്കി വിൽക്കാനുള്ള പ്ലാസ്റ്റിക് കവറുകളും പണവും കണ്ടെടുത്തു. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വിതരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കമ്മീഷണർ എ. അക്ബർ രൂപവത്കരിച്ച ഡ്രൈവ് എഗൈനസ്റ്റ് ഡ്രഗ് ഓപറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നഗരത്തിലെ കോളജ്, സ്കൂൾ വിദ്യാർഥികൾക്കാണ് ഇയാൾ കഞ്ചാവ് കൂടുതലായും വിറ്റിരുന്നത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരൻ, എറണാകുളം സെൻട്രൽ അസി. കമീഷണർ സി. ജയകുമാർ എന്നിവരുടെ നിർദേശാനുസരണം ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് നസീർ, സിഘോഷ്, പ്രശാന്ത്, രതീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മട്ടാഞ്ചേരി: എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. ഫോർട്ട്കൊച്ചി സ്വദേശിയായ ഇപ്പോൾ പള്ളുരുത്തി ഗൊവേന്ത റോഡ് ഭാഗത്ത് താമസിച്ചു വരുന്ന നഹാസ് (24) ആണ് മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്തുനിന്നും പിടിയിലായത്. പ്രതി പശ്ചിമ കൊച്ചിയിലെ പല സ്റ്റേഷനുകളിലും പോക്സോ, മയക്കുമരുന്നുൾപ്പെടെ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സ്കൂൾ വിദ്യാർഥികളുമായി പോയ ട്രാവലർ വാഹനം തടഞ്ഞ് ഭയപ്പെടുത്തിയതായി പരാതി
കാക്കനാട്: സ്കൂൾ വിദ്യാർഥികളുമായി പോയ ട്രാവലർ വാഹനം തടഞ്ഞ് ഭയപ്പെടുത്തിയതായി വാഹന ഉടമ തൃക്കാക്കര പൊലീസിന് പരാതി നൽകി. ബുധനാഴ്ച വൈകീട്ട് കങ്ങരപ്പടിയിലാണ് സംഭവം. ആഗസ്റ്റ് 10ന് ട്രാവലർ വാഹനം തട്ടി കേടുപാടുകൾ സംഭവിച്ച കാറിന്റെ ഉടമ ഉൾപ്പെടെ അഞ്ചുപേർ ചേർന്ന് രണ്ടു കാറുകളിലെത്തി സ്കൂൾ ട്രിപ്പിനിടെ വാൻ തടയുകയായിരുന്നു.
ഈ സമയം എൽ.കെ.ജിയിലേതുൾപ്പെടെ വിദ്യാർഥികൾ വാഹനത്തിൽ ഉണ്ടായിരുന്നു. രക്ഷിതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് സംഘം പിരിഞ്ഞു പോയത്. കാർ നന്നാക്കാൻ ഇൻഷുറൻസ് ക്ലെയിമിനുള്ള സഹായം ചെയ്യാമെന്നും തികയാതെ വരുന്ന പണം നൽകാമെന്നും അപകട ദിവസം സമ്മതിച്ചിരുന്നതായി ട്രാവലർ ഉടമ നവാസ് പറഞ്ഞു.
വീട് കുത്തിത്തുറന്ന് സ്വർണവും 75000 രൂപയും കവർന്നു
കാക്കനാട്: ബ്രഹ്മപുരം കളപ്പുരക്കൽ വീട്ടിൽ അഡ്വ. മാത്യൂസ്.കെ.ഫിലിപ്പിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾക്കായി ഇൻഫോപാർക്ക് പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചുപവനും 75,000 രൂപയുമാണ് കവർന്നത്. കഴിഞ്ഞ തിങ്കളാഴ്ച കുടുംബസമേതം കാസർകോട് പോയി ചൊവ്വാഴ്ച തിരികെ വരുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിെന്റ മുകളിലെ വാതിൽ തകർത്തായിരുന്നു മോഷണം. വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് വാതിൽ തകർത്തതെന്നും ഇൻഫോ പാർക്ക് പൊലീസ് പറഞ്ഞു.
അജ്ഞാതരുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
ആലുവ: അജ്ഞാതരുടെ ആക്രമണത്തിന് വയോധികന് ഗുരുതരപരിക്ക്. ചിറ്റൂർ വട്ടോളി വീട്ടിൽ ജോസാണ് (75) ആക്രമണത്തിനിരയായത്. ആലുവ റെയിൽവേ സ്റ്റേഷനുസമീപം അജ്ഞാതരായ രണ്ടുപേർ പേർന്ന് പട്ടികകൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലും തലയിലുമായി നിരവധി മുറിവുണ്ട്.
25ഓളം തുന്നലുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. റെയിവേ സ്റ്റേഷൻ പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണ്. ലഹരി ഇടപാടുകാരും ഗുണ്ടകളുമടക്കം ഇവിടെ തമ്പടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.