മട്ടാഞ്ചേരിയിലെ പൗരാണിക കെട്ടിടങ്ങളിൽ ഭീതിയോടെ താമസക്കാർ
text_fieldsമട്ടാഞ്ചേരി: മഴ കനത്തതോടെ ഏറെ ഭീതിയോടെ കഴിയുകയാണ് മട്ടാഞ്ചേരി മേഖലയിലെ പൗരാണിക കെട്ടിടത്തിലെ താമസക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കെട്ടിടങ്ങൾ ഭാഗികമായി തകർന്നതോടെയാണ് നൂറ്റാണ്ടുകളുടെ പഴക്കത്തെ തുടർന്ന് ജീർണത പേറുന്ന കെട്ടിടങ്ങളിലെ താമസിക്കാർ ഭീതിയിലായിരിക്കുന്നത്. മട്ടാഞ്ചേരി ബസാറിലെ പഴയ പാണ്ടികശാലകൾ പലതും ഇന്ന് താമസകേന്ദ്രങ്ങളാണ്. ഈ കെട്ടിടങ്ങൾ പലതും നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. കൊച്ചി നഗരത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം തകർന്നുവീണ കെട്ടിടങ്ങളിൽ 60 ശതമാനവും പൈതൃക കൊച്ചിയിലാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചുണ്ടിക്കാട്ടുന്നത്. കാലവർഷ സമയത്ത് ജനവാസ കെട്ടിടങ്ങൾ തകർന്നുവീഴുമ്പോൾ അധികൃതരുടെ നിസ്സംഗത വ്യാപക പ്രതിഷേധത്തിനിടയാക്കുകയാണ്. 2008ൽ എറണാകുളം ജെട്ടിയിൽ കെട്ടിടം തകർന്നുവീണ് ആറ് യുവാക്കളുടെ ജീവൻ നഷ്ടമായിരുന്നു. തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിലാണ് നഗരപരിധിയിലെ ബലഹീന കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കാനും വാസയോഗ്യമല്ലാത്തവയിൽ നിന്ന് താമസക്കാരെ മാറ്റിപാർപ്പിക്കാനും ജില്ല-നഗരസഭാ ഭരണകൂടങ്ങൾ തീരുമാനിച്ചത്. പത്തുവർഷത്തിനുള്ളിൽ കൊച്ചി നഗരപരിധിയിൽ ചെറുതും വലുതുമായ 80 ഓളം കെട്ടിടങ്ങൾ ഭാഗികമായും പുർണമായും തകർന്നതായാണ് കണക്ക്. വാണിജ്യ ഗോഡൗണുകളും വാസ കേന്ദ്രങ്ങളുമടക്കം ഇതിലുൾപ്പെടും. റവന്യൂ-നഗരസഭ അധികൃതരുടെ നിരീക്ഷണത്തിൽ മട്ടാഞ്ചേരി-ഫോർട്ടു കൊച്ചി മേഖലയിൽ 60 ഓളം ജനവാസ കെട്ടിടങ്ങൾ ബലഹീനമാണന്നാണ് വിലയിരുത്തുന്നത്. വിവിധ ട്രസ്റ്റുകളുടെ കീഴിലും ഇവാക്യൂ ഭൂമിയിലുമാണ് ഈ കെട്ടിടങ്ങളിൽ നല്ലൊരു ശതമാനവും. ചേരിപ്രദേശങ്ങൾ ഉൾപ്പെടുന്ന മട്ടാഞ്ചേരി മേഖലയിലെ ജനവാസ കെട്ടിടങ്ങൾ നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ബലപ്പെടുത്തുന്നതിലും ഭരണ കേന്ദ്രങ്ങൾ പുലർത്തുന്ന അവഗണന വൻദുരന്തമായിരിക്കും വിളിച്ചുവരുത്തുകയാണന്ന് വിവിധ സാമുഹിക സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.