റിക്ഷാവാല ഹമീദിക്ക ഇവിടെയുണ്ട്, മനസ്സുനിറയെ കൊച്ചിയുമായി
text_fieldsകൊച്ചി: കൊച്ചിക്കാരുടെ അവസാന സൈക്കിൾ റിക്ഷാവാല ഹമീദിക്ക ഇപ്പോൾ മനസ്സിൽ ഓളംവെട്ടുന്ന കൊച്ചി ഓർമകളുമായി അഗതിമന്ദിരത്തിലാണ്. 55 വർഷം ജ്യൂ സ്ട്രീറ്റിലും മട്ടാഞ്ചേരിയുടെ തെരുവുകളിലും തന്നോട് ഒട്ടിച്ചേർന്ന റിക്ഷയുമായി ഈ മനുഷ്യൻ ചവിട്ടിനടന്നു. 80ാം വയസ്സിെൻറ അവശതയിൽ രോഗങ്ങൾക്ക് മുന്നിൽ വീണുപോയ അദ്ദേഹം ആലുവ വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ പരിചരണത്തിലാണ്. ''കൊച്ചി വിട്ടുപോകാൻ കഴിയില്ലെന്നായിരുന്നു ഹമീദിക്കയുടെ നിലപാട്. ആകെ ബന്ധുവായുള്ളത് വയ്യാത്ത സഹോദരിയാണ്. ഇവർക്ക് രണ്ടുപേർക്കും വീടില്ല.
റിക്ഷയിലും കടത്തിണ്ണയിലുമായി ജീവിതം തള്ളിനീക്കിയ അദ്ദേഹത്തെ തീരെ വയ്യാതായതോടെ വെൽെഫയർ ട്രസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു'' -ജില്ല പാലിയേറ്റിവ് വളൻറിയറും കൊച്ചിയിലെ സാമൂഹിക പ്രവർത്തകയുമായ കെ.എസ്. ഫാസില പറയുന്നു.കൊച്ചിയിലെ സൈക്കിൾ റിക്ഷാക്കാരിൽ അവസാനത്തെയാളാണ് ഹമീദിക്ക.
ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കാണാൻ വരുന്ന വിദേശികളുടെ ഗൈഡായി മാറിയ കഥയാണ് അദ്ദേഹത്തിേൻറത്. ബോട്ടുജെട്ടിയിൽനിന്ന് സഞ്ചാരികളെ കയറ്റി റിക്ഷയിൽ തെരുവുകളിലൂടെ ചവിട്ടി കൊച്ചിയുടെ ജീവിതം അദ്ദേഹം പകർന്നുനൽകി. ഒപ്പം ഫോർട്ട്കൊച്ചി സെൻറ് മേരീസ് സ്കൂളിലെ കുട്ടികളെ എത്തിക്കാനും കൊണ്ടുപോകാനും ഹമീദിക്ക വന്നുപോയി. കണക്കുപറഞ്ഞ് കൂലി വാങ്ങാനോ സമ്പാദിക്കാനോ കഴിഞ്ഞില്ല.
കുറെനാളായി കാലിൽ നീരുവന്ന് അവശനിലയിലായ അദ്ദേഹം തുടർന്ന് ബോട്ടുജെട്ടിക്ക് സമീപത്തെ വ്യാപാരികളുടെ കരുതലിലായി. ഒരാഴ്ച മുമ്പ് തീരെ വയ്യാതായതോടെ കടയിൽ കിടപ്പായി. തുടർന്ന്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയയുടെ ഇടപെടലിൽ ഫാസില, ഹമീദിക്കക്ക് വെൽെഫയർ ട്രസ്റ്റിൽ അഭയം ഒരുക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ സക്കീറും വ്യാപാരിയായ ജലീലും അങ്ങനെ ആലുവയിൽ എത്തിച്ചു.
രക്തത്തിൽ ഹീമോഗ്ലോബിെൻറ അളവ് തീരെ കുറവായ ഇദ്ദേഹത്തിന് ഇന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുകയാണ്. കൃത്യസമയത്ത് ഭക്ഷണവും ചികിത്സയും കിട്ടിയതോടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ഹമീദിക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.