പൊള്ളുന്ന വെയിലും കൊതുക് ശല്യവും; കൊച്ചിക്ക് കിടക്കപ്പൊറുതിയില്ല...
text_fieldsകൊച്ചി: കത്തുന്ന വെയിലും വൈകീട്ടോടെ നഗരം നിറയുന്ന കൊതുകും ജനത്തെ വലക്കുന്നു. കൊച്ചി നഗരവും സമീപ പ്രദേശവുമാണ് കിടക്കപ്പൊറുതിയില്ലാത്തവിധം ദുരിതത്തിലായത്. ബ്രഹ്മപുരം തീപിടിത്തത്തോടെ നഗരം മാലിന്യക്കെണിയിലമർന്നു. ഇതോടെയാണ് കൊതുകുകൾ വർധിച്ചത്. കൊതുക് നിവാരണത്തിനുള്ള ഫോഗിങ്ങും സ്പ്രേയിങ്ങുമെല്ലാം താളം തെറ്റിയിരുന്നു. കൊതുക് നിവാരണത്തിൽ കോർപറേഷനും ആരോഗ്യവകുപ്പിനുമുണ്ടായ വീഴ്ചക്ക് ജനം വലിയ വിലകൊടുക്കേണ്ടി വരുകയാണ്. നേരത്തേ വൈകീട്ടും രാത്രിയുമായിരുന്നു കൊതുക് ശല്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പകലും ശല്യമേറി. കൊതുക് തിരികൾകൊണ്ടും കാര്യമായ ഗുണമൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് ഇവയിൽ വില്ലനാകുന്നത്.
വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ച് കൊടുംചൂട്
രണ്ട് വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം ഇത്തവണയെത്തിയ ഉത്സവകാലം വ്യാപാര മേഖലക്ക് നിറഞ്ഞ പ്രതീക്ഷയുടേതായിരുന്നു. എന്നാൽ, വേനൽ ചൂട് വില്ലനായി. ജനങ്ങൾ പുറത്തിറങ്ങാൻ മടിച്ചത് വിഷു, ഈസ്റ്റർ, റമദാൻ വ്യാപാരത്തെ ദോഷകരമായി ബാധിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. ചൂട് ഏറ്റവും തിരിച്ചടിയായത് പഴം പച്ചക്കറി വ്യാപാര മേഖലക്കാണ്. എടുക്കുന്ന ചരക്കുകൾ കേടാകാൻ തുടങ്ങിയതോടെ പലർക്കും വലിയ തുകയുടെ നഷ്ടവുമുണ്ടായി. റമദാൻ വിപണി ലക്ഷമാക്കി പ്രവർത്തിച്ചിരുന്ന പഴം, പച്ചക്കറി മേഖലക്കും ഇത് തിരിച്ചടിയായി. ജനങ്ങൾ പുറത്തിറങ്ങാൻ മടിച്ചത് ഇതര വ്യാപാര മേഖലയെയും ബാധിച്ചിട്ടുണ്ട്.
കവികളെ കൊതുകുകടിച്ചാൽ...
കൊച്ചി: നഗരങ്ങളും ഗ്രാമങ്ങളും നിറഞ്ഞ് കൊതുകുശല്യം രൂക്ഷമായതോടെ രസകരമായ പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളും നിറഞ്ഞുതുടങ്ങി. അതിലൊന്നാണ് ചില കവികളെ കൊതുകുകടിച്ചാൽ പ്രതികരിക്കുന്നത് എങ്ങനെയെന്ന പേരിൽ പ്രചരിക്കുന്ന കുറിപ്പും കവിത ശകലങ്ങളും. ആരെഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ചിരിയും ചിന്തയും ഉണർത്തുന്ന ഈ കുറിപ്പ് ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. പ്രമുഖ കവികളുടെ കവിതകളിലെ ചില വാക്കുകൾ മാറ്റി കൊതുകിനെ കഥാപാത്രമാക്കി കുറച്ചു വരികൾ കൂട്ടിച്ചേർത്തു കൊണ്ടുള്ള കവിത രൂപത്തിലാണ് ഇവ പ്രചരിക്കുന്നത്.
വയലാർ, ഒ.എൻ.വി, കടമ്മനിട്ട, കുഞ്ഞുണ്ണി മാഷ്, വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരുടെ കവിതകളുടെ അടിസ്ഥാനത്തിലാണ് ഈ കൊതുകു കവിതകൾ ഉണ്ടാക്കിയിരിക്കുന്നത്. ‘നീ എത്ര ധന്യ’ എന്ന സിനിമയിലെ ഒ.എൻ.വിയുടെ വരികൾ കൊണ്ടാണ് അദ്ദേഹത്തിന്റെ പേരിൽ കൊതുകുകവിത രചിച്ചിരിക്കുന്നത്. മറ്റു കവികളുടെ കേട്ടു പരിചയിച്ച വരികളാണ് കവിതക്ക് ഉപയോഗിച്ചിരിക്കുന്നത്.
കൊതുക് നശീകരണം കാര്യക്ഷമമാക്കും -ടി.കെ. അഷറഫ് (നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ)
ഫോഗിങ്, സ്പ്രേയിങ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ കൊതുക് നശീകരണം കാര്യക്ഷമമാക്കും. ബ്രഹ്മപുരം വിവാദങ്ങളുടെ പശ്ചാത്തലത്തിലും നഗരത്തിലെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ പതിവുപേലെ നടന്നിരുന്നു. വാർഡുകൾ കേന്ദ്രീകരിച്ച് നഗരസഭ നിയോഗിക്കുന്ന ജീവനക്കാരാണ് ഇതിന് നേതൃത്വം നൽകുന്നത്. സാധാരണ ചൂടുകാലത്ത് കൊതുകുശല്യം കുറയലാണ് പതിവ്. കാലാവസ്ഥയിലുണ്ടായ മാറ്റമായിരിക്കാം കൊതുകുകൾ വർധിച്ചതിന് പിന്നിൽ. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.