ഏക റോ റോ വെസലും തകരാറിൽ
text_fieldsഫോർട്ട്കൊച്ചി: രണ്ട് റോ റോ വെസലുകളിൽ ഒന്ന് കട്ടപ്പുറത്തായത് മൂലം കടുത്ത യാത്ര ദുരിതം നേരിടുന്ന ഫോർട്ട് കൊച്ചി - വൈപ്പിൻ അഴിമുഖത്ത് നിലവിൽ സർവിസ് നടത്തുന്ന ഏക റോ റോയും ദിനംപ്രതി തകരാറിലാകുന്നു.
ഇത് മൂലം യാത്രക്കാർ നട്ടം തിരിയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് തവണയാണ് വെസൽ തകരാറിലായത്. സേതുസാഗർ ഒന്ന് വെസൽ കട്ടപ്പുറത്തായിട്ട് മാസം മൂന്ന് പിന്നിടുമ്പോഴും തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിരുന്നത്. സേതുസാഗർ രണ്ടാണ് ഇപ്പോൾ മുടന്തിയടിച്ച് സർവിസ് നടത്തുന്നത്.
വിദേശത്തുനിന്ന് സ്പെയർപാർട്ട് ഉടനെ എത്തുമെന്നാണ് അധികൃതർ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനി സ്പെയർ പാർട്ട് എത്തി തകരാർ പരിഹരിച്ചാൽ തന്നെ ഈ മാസം അവസാനത്തോടെ വെസലിന്റെ ഫിറ്റ്നസ് കാലാവധി പൂർത്തിയാകും. അറ്റകുറ്റപ്പണികൾക്കായി വീണ്ടും ഒരു മാസമെങ്കിലും കയറ്റേണ്ടി വരും. സേതുസാഗർ രണ്ടിന് തകരാർ വരുമ്പോൾ മാറ്റിയിട്ടിരിക്കുന്ന സേതു സാഗർ ഒന്നിലെ സ്പെയർ പാർട്ടുകൾ എടുത്താണ് പ്രശ്നം പരിഹരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
ഫെറി റൂട്ടിൽ യാത്രക്ലേശം രൂക്ഷം
കൊച്ചി: വൈപ്പിൻ-കൊച്ചി ഫെറി റൂട്ടിലെ യാത്രക്ലേശം രൂക്ഷം. ഇതുവഴി സർവിസ് നടത്തിയിരുന്ന സേതുസാഗർ -1 റോ- റോ ജങ്കാർ എൻജിൻ തകരാറ് മൂലം നിലച്ചിട്ട് ഇന്നേക്ക് നാലുമാസം പിന്നിടുകയാണ്. സേതുസാഗർ -2 എന്ന ഏക റോ-റോ ജങ്കാർ മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. ഇതാകട്ടെ വിവിധ തകരാറുകൾ മൂലം ഭൂരിഭാഗം ദിവസങ്ങളിലും സർവിസ് മുടക്കുകയാണ്.
ദിവസേന ആയിരക്കണക്കിന് ജനങ്ങളും വാഹനങ്ങളും യാത്രചെയ്യുന്ന ഫെറി റൂട്ടിനാണ് ഈ ദുർഗതി. പരാതികൾ വ്യാപകമായെങ്കിലും നടപടി സ്വീകരിക്കേണ്ട കൊച്ചി കോർപറേഷനും കെ.എസ്.ഐ.എൻ.സിയും അലംഭാവം പുലർത്തുകയാണെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ചെയർമാൻ അഡ്വ. മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആരോപിച്ചു. റോ റോ സർവിസ് സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കാനാണ് അണിയറനീക്കം നടക്കുന്നത്. എന്നാൽ, ഇത് ഒരുനിലക്കും അംഗീകരിക്കാനാവില്ല.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ വെച്ചുള്ള പന്താടലാകുമത്. കെ.എസ്.ഐ.എൻ.സിയും കൊച്ചി കോർപറേഷനും തമ്മിലുള്ള ശീതസമരമാണ് പ്രശ്നം പരിഹാരമില്ലാതെ നീളുന്നതിന് കാരണം. രണ്ട് സർക്കാർ സംവിധാനങ്ങൾ എന്ന നിലയിൽ വകുപ്പ് മന്ത്രിമാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് അപഹാസ്യമാണ്.
പലവട്ടം കോർപറേഷൻ മുൻ ഭരണസമിതിയെയും ഇപ്പോഴത്തെ ഭരണസമിതിയെയും സമീപിച്ചെങ്കിലും ക്രിയാത്മക ഇടപെടൽ നടത്തുന്നതിൽ കോർപറേഷൻ പരാജയമായിരുന്നെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.