റോ- റോ ആദരാഞ്ജലി നേരട്ടെ...
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി- വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന റോ- റോ വെസൽ സേതു സാഗർ - 1 ഇനി ഓടുമോ എന്ന ചോദ്യവുമായി നാട്ടുകാർ. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർക്കും നൂറു കണക്കിന് വാഹനങ്ങൾക്കും ആശ്രയമാണ് റോ-റോ വെസലുകൾ. വെസൽ തകരാറിലായിട്ട് അഞ്ച് മാസം പിന്നിടുന്നു. ഗിയർബോക്സ് തകരാറിലായതിനെ തുടർന്നാണ് വെസൽ വൈപ്പിൻ ജെട്ടിയിൽ മാറ്റി കെട്ടിയിരിക്കുന്നത്.
അഞ്ച് മാസമായിട്ടും തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കാൻ ഒരു നടപടിയും നഗരസഭ അധികൃതരിൽ നിന്നും ഉണ്ടായിട്ടില്ല. ഇതിനിടെ വെസലിന്റെ ഓരോ ഭാഗങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പു പിടിച്ചു തുടങ്ങി. എഞ്ചിനടക്കമുള്ള ഭാഗങ്ങളും കാര്യക്ഷമത കുറഞ്ഞു വരികയാണെന്ന് ജീവനക്കാരും പറയുന്നു. ഇതിനിടെ ഫിറ്റ്നസ് കാലാവധിയും കഴിയാറായി.
അറ്റകുറ്റപ്പണികൾ എല്ലാം കഴിഞ്ഞ് വെസൽ നീറ്റിലിറക്കാൻ 76 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് കപ്പൽ നിർമാണശാല അധികൃതർ അറിയിച്ചത്. നിലവിൽ സർവിസ് നടത്തുന്ന സേതു സാഗർ- 2 എന്ന വെസലും ഇടക്കിടക്ക് തകരാറിലാകുന്നുണ്ട്. ചില ഘട്ടത്തിൽ പല യന്ത്രോപകരണങ്ങളും സേതു സാഗർ ഒന്നിൽ നിന്നും മാറ്റിയാണ് സേതു സാഗർ രണ്ടിന്റെ തകരാറുകൾ പരിഹരിക്കുന്നത്.
ദിവസങ്ങൾ കഴിയുന്തോറും സേതു സാഗർ ഒന്നിന്റെ സ്പെയർ പാർട്ട്സുകൾ ഓരോന്നായി സേതു സാഗർ - 2 വെസലിൻ്റെ ഓട്ടം നിലക്കാതിരിക്കാൻ തകരാർ വരുന്ന ഘട്ടങ്ങളിൽ ഘടിപ്പിച്ചു വരികയാണ്. കൊച്ചി നഗരസഭ 15 കോടി ചെലവഴിച്ച് നിർമിച്ചതാണ് ഇരു റോ റോ വെസലുകളും. നടത്തിപ്പുചുമതലയാകട്ടെ കേരള സർക്കാർ സ്ഥാപനമായ കിൻകോക്കാണ്. ലാഭവിഹിതമായി കിൻകോ ഇതുവരെ ഒന്നും തന്നിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ റോ റോയുടെ അറ്റകുറ്റപ്പണികൾ എല്ലാം നഗരസഭ പണം മുടക്കിയാണ് നടത്തുന്നത്. ഭീമമായ തുക ഇനിയും മുടക്കാൻ നഗരസഭ തയാറാകുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.