രണ്ടാഴ്ചക്കിടെ റോഡിൽ പൊലിഞ്ഞത് പത്തു ജീവൻ; വിതുമ്പി ജില്ല
text_fieldsകൊച്ചി: ജില്ലയുടെ നിരത്തുകൾ കുരുതിക്കളങ്ങളായപ്പോൾ രണ്ടാഴ്ചക്കിടെ അപകടങ്ങളിൽ പൊലിഞ്ഞത് പത്തു ജീവനാണ്. 11ഓളം പേർ പരിക്കേറ്റ് ചികിത്സ തേടിയിട്ടുമുണ്ട്. കൊച്ചി നഗരത്തിലും എറണാകുളം റൂറലിലും അപകടങ്ങൾ വർധിച്ചതായിരുന്നു കാഴ്ച. എം.സി റോഡ്, ആലുവ-പെരുമ്പാവൂർ റോഡ്, മൂവാറ്റുപുഴ-തേനി സംസ്ഥാന പാത എന്നിവിടങ്ങളിലൊക്കെ അപകടങ്ങൾ പതിയിരിക്കുകയാണ്.
അമിതവേഗത മുതൽ അശ്രദ്ധ വരെ വിവിധ കാരണങ്ങളാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിവെക്കുന്നത്. അപകടങ്ങളിൽ പെടുന്നതിലധികവും ഇരുചക്ര വാഹനങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്കും സംസ്ഥാനത്ത് കുറവില്ല. തങ്കളം കാക്കനാട് പാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവം സമീപദിവസത്തിലായിരുന്നു.
അല്ലപ്രയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ തഴുവംകുന്ന് വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
നിയന്ത്രണംവിടുന്ന അപകടങ്ങൾ
വാഹനങ്ങൾ നിയന്ത്രണം വിട്ടുള്ള അപകടങ്ങൾ സമീപകാലത്ത് നിരവധിയുണ്ടായിട്ടുണ്ട്. വാഹന യാത്രക്ക് മുമ്പ് ടയറുകൾ, ഹോണുകൾ, ലൈറ്റുകൾ തുടങ്ങിയവയൊക്കെ പരിശോധിച്ച് കാര്യക്ഷമമാണെന്ന് ഉറപ്പിക്കണം. ഏതാനും ദിവസം മുമ്പ് ജില്ലയിൽ ടയർപൊട്ടി മിനിലോറി അപകടത്തിൽപെട്ടിരുന്നു. ഇരുചക്ര വാഹനയാത്രികർക്ക് വഴിയോരത്തെ കേബിൾ കുരുക്കും ഭീഷണിയാകുന്ന കാഴ്ച നിരവധിയാണ്. വൺവേ തെറ്റിച്ചെത്തിയ കാർ അപകടമുണ്ടാക്കിയ സംഭവവും ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
ജീവൻ നഷ്ടമായി കാൽനടക്കാരും
വഴിയോരങ്ങളിലെ കാൽനടയാത്രികർക്കും അപകടങ്ങളിലൂടെ രണ്ടാഴ്ചക്കുള്ളിൽ ജീവഹാനിയുണ്ടായിട്ടുണ്ട്. അങ്കമാലിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചിരുന്നു.
സീപോർട്ട് എയർപോർട്ട് റോഡ് മുറിച്ചുകടക്കാൻ നടന്നുപോകുമ്പോൾ കാർ ഇടിച്ച് പരിക്കേറ്റ മുണ്ടക്കയം സ്വദേശി മരിച്ചതും ഈ കാലയളവിലാണ്. മുളന്തുരുത്തി വള്ളക്കുരിശിന് സമീപം റോഡരികിലൂടെ നടന്ന സ്ത്രീ കാറിടിച്ച് മരിച്ചിരുന്നു. നെട്ടൂരിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചതും സമീപകാലത്താണ്.
ചോരക്കളമായി എം.സി റോഡ്; ആശങ്കയിൽ ജനം
പെരുമ്പാവൂര്‍: എം.സി റോഡില്‍ തുടരെ ഉണ്ടാകുന്ന അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവിതങ്ങള്‍. ചൊവ്വാഴ്ച പുല്ലുവഴിയില്‍ കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാളും ബുധനാഴ്ച താന്നിപ്പുഴയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് രണ്ട് പേരും മരണത്തിന് കീഴടങ്ങി.
പുല്ലുവഴിയില്‍ ഇന്നോവ കാറിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് രാവിലെ ആറിനുണ്ടായ അപകടത്തിന് കാരണം. കാലിനും തലക്കും പരിക്കേറ്റ നാലു പേര് ചികില്‍സയിലാണ്. ബുധനാഴ്ച രാവിലെ താന്നിപ്പുഴയില്‍ പിതാവും മകളും സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ഇടിച്ചായിരുന്നു അപകടം. ടിപ്പര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് ഒരു കുടുംബത്തിന്റെ തീരാദു:ഖത്തിന് ഇടയായ അപകടത്തിന് കാരണം.
കീഴില്ലം, പുല്ലുവഴി, വല്ലം ജങ്ഷന്, കാരിക്കോട്, ഒക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ അപകട മേഖലയാണെന്ന് അധികാരികൾ തന്നെ പറയുമ്പോള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തമില്ലേയെന്ന ചോദ്യമുയരുകയാണ്.
മിക്ക അപകടങ്ങള്‍ക്കും കാരണം അമിത വേഗതയും അശ്രദ്ധയുമാണ്. പ്രധാന ജങ്ഷനുകളില്‍ വെളിച്ചവും സിഗ്നല്‍ സംവിധാനങ്ങളും വേഗനിയന്ത്രണ മാര്‍ഗങ്ങളും ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വല്ലം-ചൂണ്ടി ജുമാ മസ്ജിദിന് സമീപത്ത് മൂന്ന് ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ടു.
2023 ആഗസ്റ്റില്‍ സ്കൂട്ടര്‍ യാത്രികയായ കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ഡോ. ക്രിസ്റ്റി ടിപ്പറിടിച്ച് മരിച്ച സ്ഥലത്താണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. 24 മണിക്കൂറും ഗതാഗതകുരുക്കുള്ള ഈ ഭാഗത്ത് സീബ്ര ലൈനുകള്‍ ഇല്ലാത്തത് കാല്‍നട യാത്രക്കാര്‍ക്ക് പ്രതിസന്ധിയാണ്. രണ്ട് മാസം മുമ്പ് പ്രഭാത നമസ്കാരത്തിന് പള്ളിയിലേക്ക് പോയ കാല്‍നട യാത്രക്കാരന് അജ്ഞാത വാഹനമിടിച്ച് മരിച്ചു.
വാഹനം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച അപകടം നടന്ന പുല്ലുവഴിയില്‍ 2022 നവംബറില്‍ നിയന്ത്രണം വിട്ട ജീപ്പ് വരുത്തിയ അപകടത്തില്‍ കാല്‍നട യാത്രക്കാരനായ പുല്ലുവഴി സ്വദേശി സാമുവലും ബൈക്ക് യാത്രക്കാരന് കോട്ടയം സ്വദേശിയായ സോബിന്‍ സിബിയും (31) മരിച്ചത് അടുത്തിടെ നടന്ന വലിയ അപകടമായിരുന്നു.
2022 നവംബര്‍ 15ന് രാത്രി റോഡ് മുറിച്ചുകടക്കുമ്പോള്‍ വെങ്ങോല തുരുത്തിപ്ലി സ്വദേശി പത്രോസ് (55) കാറിടിച്ച് മരിച്ചതുള്‍പ്പടെ ഒന്നര വര്‍ഷത്തിനിടെ എം.സി റോഡില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. അപകടങ്ങള്‍ വരുത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ലഘുവായ കുറ്റങ്ങൾ ചുമത്തുന്നത് അപകടങ്ങൾ ആവര്‍ത്തിക്കപ്പെടാന്‍ കാരണമാകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.
അപകടമൊഴിവാക്കാം...
◆ ഇരുചക്ര വാഹന യാത്രികർ നിർബന്ധമായും ഹെൽമെറ്റ് ചിൻസ്ട്രാപ്പിട്ടു ധരിക്കണം.
◆ ഇടതുവശത്തുകൂടി വാഹനങ്ങളെ മറികടക്കരുത്. വാഹനങ്ങളെ മറികടക്കുന്നതിനോ നിർത്തുന്നതിനോ അൽപം മുമ്പു തന്നെ ഇതിനുള്ള സിഗ്നൽ കൊടുക്കുക.
◆ അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം തിരിയുകയും ഓവർടേക്ക് ചെയ്യുകയും നിർത്തുകയും ചെയ്യുക.
◆ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ ദൂരം പാലിക്കുക.
◆ അപ്രതീക്ഷിതമായ അപകട സാധ്യതപോലും മുൻകൂട്ടികണ്ടു പ്രതിരോധാധിഷ്ഠിതമായി വേണം വാഹനം ഓടിക്കാൻ.
◆ മദ്യലഹരിയിലും തളർച്ച ഉള്ളപ്പോഴും ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്.
◆ വാഹന ഉപയോഗം തുടങ്ങുന്നതിന് മുമ്പ് ടയറുകൾ, ഹോണുകൾ, ലൈറ്റുകൾ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
◆ വാഹനത്തിന്റെ വേഗപരിധി പാലിക്കുക. ഒരു കാരണവശാലും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്.
◆ മത്സരയോട്ടം ഒഴിവാകുക, നിങ്ങളുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിന് മുൻഗണന നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.