സീപോർട്ട് - എയർപോർട്ട് റോഡ്; ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും
text_fieldsകൊച്ചി: സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളജ് - കലക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കും. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം ഇക്കാര്യം തീരുമാനിച്ചു. രണ്ട് റീച്ചുകൾക്കിടയിലുള്ള കലക്ടറേറ്റ് - ഇൻഫോപാർക്ക് ഭാഗം നാലുവരിയാക്കാനുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്. പുതിയ നാലുവരി പാതയുടെ നിർദേശം ആർ.ബി.ഡി.സി.കെ തയാറാക്കി പൊതുമരാമത്ത് വകുപ്പിന് സമർപ്പിക്കും. എൻ.എ.ഡി - മഹിളാലയം റീച്ചിന് ആവശ്യമായ 722 കോടി രൂപയുടെ അനുമതി അപേക്ഷ അടുത്ത ബോർഡ് യോഗം പരിഗണിക്കുമെന്ന് യോഗത്തെ കിഫ്ബി അറിയിച്ചു. എച്ച്.എം.ടി, എൻ.എ.ഡി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.
രണ്ടാം ഘട്ട റോഡ് വികസനത്തിലെ എച്ച്.എം.ടി റോഡ് മുതൽ എൻ.എ.ഡി വരെയുള്ള 2.7 കിലോമീറ്റർ ദൂരമാണ് കോടതി നടപടികളെത്തുടർന്ന് തടസപ്പെട്ടിരുന്നത്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ ആർ.ബി.ഡി.സി.കെക്ക് അനുമതി നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിന്റെ അന്തിമ വിധിയനുസരിച്ചായിരിക്കും ഭൂമി ഏറ്റെടുക്കലിന്റെ സ്വഭാവം തീരുമാനിക്കുകയെങ്കിലും തൽക്കാലത്തേക്ക് നഷ്ടപരിഹാരത്തുക കെട്ടിവെച്ച് റോഡ് നിർമാണം ആരംഭിക്കാനാണ് തീരുമാനം. റോഡ് വികസനത്തിന് എൻ.എ.ഡി.യിൽനിന്ന് വിട്ടുകിട്ടേണ്ട 529 സെന്റ് ഭൂമിക്കായുള്ള അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി വീണ്ടും ബന്ധപ്പെടാനും തീരുമാനിച്ചു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷ്, ആർ.ബി.ഡി.സി.കെ എം.ഡി എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.