വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും കൊച്ചിയുടെ പതിവുകാഴ്ച -ഹൈകോടതി
text_fieldsകൊച്ചി: വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും കൊച്ചിയിലെ പതിവുകാഴ്ചയെന്ന് ഹൈകോടതി.
കച്ചേരിപ്പടി മുതൽ ലിസി ജങ്ഷൻ വരെ വഴിവിളക്ക് പ്രകാശിക്കാത്ത റോഡിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എങ്ങനെ സുരക്ഷിതരായി പോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗമായിട്ടുപോലും അധികൃതർ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നും വഴിവിളക്ക് പ്രകാശിപ്പിക്കാൻ മേയറെ കോടതിതന്നെ നേരിട്ട് വിളിക്കേണ്ടിവരുമോയെന്നും ചോദിച്ചു. ഇരുട്ടിൽ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ഇതൊരു സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണ്. കോടതി ഇടപെട്ടിട്ടും എം.ജി റോഡിൽ ധൈര്യത്തോടെ ഇപ്പോഴും നടപ്പാതയിലൂടെ നടക്കാവുന്ന സ്ഥിതിയായില്ല. കുറഞ്ഞത് കാനകൾക്കെങ്കിലും മൂടിയിടണം. കാനകൾക്കുമുകളിലൂടെ നടന്നാൽ വീൽചെയറിലാകുന്ന സ്ഥിതിയാണുള്ളത്. വീൽചെയർ ഉപയോഗിക്കുന്നവർക്ക് പൊതുസ്ഥലങ്ങൾ പ്രാപ്തമല്ലാത്ത അവസ്ഥയാണ്.
മനോഹരമായ എം.ജി റോഡ് ഭാഗം നന്നായി സൂക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. ‘അറബിക്കടലിന്റെ റാണി’ എന്നൊക്കെയാണ് നഗരത്തെ വിശേഷിപ്പിക്കുന്നതെങ്കിലും അത്തരത്തിൽ സൂക്ഷിക്കാനുള്ള ഒരു പ്രവൃത്തിയും ഉണ്ടാകുന്നില്ല. മാമംഗലം ഭാഗത്തും വഴിവിളക്ക് തെളിയാറില്ല. ബസുകളുടെ അമിതവേഗം സംബന്ധിച്ച് പരാതി പറയാൻ ബസുകളിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് വിളിച്ചാൽ ആരും എടുക്കാറില്ല -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.