അർധരാത്രി ഹോസ്റ്റലിൽ കയറി കവർച്ച: നിയമ വിദ്യാർഥിനി ഉൾെപ്പടെ നാലുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: അർധരാത്രി പുരുഷ ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി സ്വർണം ഉൾപ്പെടെ കവർന്ന കേസിൽ നിയമ വിദ്യാർഥിനി ഉൾെപ്പടെ നാലുപേർ അറസ്റ്റിൽ. എറണാകുളം പോണേക്കര സ്വദേശി കൂട്ടുങ്ങൽ വീട്ടിൽ സജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം സ്വദേശി കയിസ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ വീട്ടിൽ ജയ്സൺ ഫ്രാൻസിസ് (39), ആലുവ തായിക്കാട്ടുകര സ്വദേശിനി മനു (30) എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായത്.
ഒക്ടോബർ 15നാണ് സംഭവം. രാത്രി 12ന് പ്രതികൾ കൊച്ചി മുല്ലക്കൽ റോഡിലെ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വധഭീഷണി മുഴക്കി അഞ്ച് മൊബൈൽ ഫോണും സ്വർണമാലയും മോതിരവും ഉൾെപ്പടെ തട്ടിയെടുക്കുകയായിരുന്നു. ഒന്നാം പ്രതി സജിൻ പയസ് ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരൻ വഴി ഹോസ്റ്റലിൽ വരുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്നവരുമായി സംസാരിച്ചിരിക്കവേ പ്ലാൻ ചെയ്ത പ്രകാരം ജയ്സൺ ഫ്രാൻസിസും കയിസും കൂടി അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ സജിൻ എന്നയാളെ അന്വേഷിച്ചുവന്നവരാണെന്നുപറഞ്ഞ് പരാതിക്കാരനെയുൾപ്പെടെ ബാൾ സ്റ്റിക്ക് കൊണ്ട് അടിക്കുകയും രണ്ടാം പ്രതിയായ ജയ്സൺ മഴു പോലുള്ള ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ സ്വർണാഭരണവും ഫോണുകളും കവർന്ന് സജിൻ പയസിനെ ‘തട്ടിക്കൊണ്ട്’ പോവുകയായിരുന്നു. ഈ സമയത്ത് പ്രതികൾ വന്ന വാഹനവുമായി പുറത്തിരിക്കുകയായിരുന്നു മനു എന്ന യുവതി.
കൃത്യത്തിനുശേഷം ഊട്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ തൃശൂരിൽ എത്തിയ വിവരം ലഭിച്ചു. തുടർന്ന്, ഇരിങ്ങാലക്കുട ടൗണിൽനിന്നാണ് സാഹസികമായി പ്രതികളെ പിടികൂടിയത്. കൊച്ചി സൗത്ത് പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ ഇവരുടെ വാഹനം ബ്ലോക്ക് ചെയ്യുകയും ഓടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.