മോഷണത്തിന് കുറവില്ല; അടഞ്ഞുകിടക്കുന്ന വീടുകൾ മോഷ്ടാക്കൾ ലക്ഷ്യമിടുന്നു
text_fieldsകൊച്ചി: നാട്ടിലെ പലവീടുകളും അടഞ്ഞുകിടക്കുകയാണ്. ജോലി ആവശ്യത്തിന് വിവിധ സ്ഥലങ്ങളിൽ പോയവർ, വിദേശത്ത് പോയവർ, യാത്രപോയവർ... ഇങ്ങനെ നിരവധിയാളുകളുടെ വീടുകൾ ദിവസങ്ങളോളം അടഞ്ഞുകിടക്കുന്നുണ്ട്. ഇത് മുതലെടുത്ത് മോഷ്ടാക്കൾ വിലസുന്ന സംഭവങ്ങൾ നിരവധിയാണ്.
പ്രവർത്തനം നിലച്ച വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമടക്കം മോഷണം അരങ്ങേറുന്നു. തൃക്കാക്കരയിലുണ്ടായ മോഷണത്തിൽ അഞ്ചുപവനും 15,000 രൂപയും നഷ്ടപ്പെട്ടു. മട്ടാഞ്ചേരിയിൽ പൂട്ടിക്കിടന്ന ഹോട്ടലിൽനിന്ന് 14 ടി.വികളും പൈപ്പ് ഫിറ്റിങ്സും മോഷ്ടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായ സംഭവവുമുണ്ട്. കാക്കനാട് പൂട്ടിക്കിടന്ന വീട്ടിൽനിന്ന് എ.സിയും ചെമ്പുകമ്പികൾ മോഷണം പോയി, വീട് കുത്തിത്തുറന്ന് ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു എന്നിങ്ങനെയും കേസുകളുണ്ട്. ഇതിൽ ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ഗുണ്ടാപശ്ചാത്തലമുള്ള മോഷ്ടാക്കൾക്കെതിരെ കാപ്പ ചുമത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. ചേലാമറ്റത്തെ ആളൊഴിഞ്ഞ വീട്ടില്‍ കയറി സ്വർണം മോഷ്ടിച്ച മോഷ്ടാക്കളെ പെരുമ്പാവൂർ പൊലീസ് പിടികൂടിയിരുന്നു. വീട്ടുകാര്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വിവിധ സ്ഥലങ്ങളിൽ മോഷണക്കേസുകളിൽ പ്രതിയായവരാണ് കുടുങ്ങിയത്. പകല്‍ ബൈക്കില്‍ കറങ്ങി പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടുവെക്കും. തുടര്‍ന്ന് രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
പൂട്ട് കുത്തിപ്പൊളിച്ച് കവർച്ച
ആരാധനാലയങ്ങളിലും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ മോഷണം സമീപകാലത്ത് നടന്നിട്ടുണ്ട്. പൊയ്ക്കാട്ടുശ്ശേരിയിലെ ചാപ്പലിനോട് ചേർന്ന കെട്ടിടത്തിൽനിന്ന് വസ്തുവകകൾ മോഷണം പോയിരുന്നു. താഴ് തകർത്ത് വാതിലുകൾ കമ്പിപ്പാരകൊണ്ട് തിക്കിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വാതിൽ പാളികൾ കുത്തിത്തുറക്കാൻ കമ്പിപ്പാര ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഒന്നിലധികം പേരടങ്ങുന്ന സംഘത്തെ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പൊലീസ് സംശയിക്കുന്നു.
പണവും സ്വർണവും മാത്രമല്ല, വീട്ടുപകരണങ്ങളും കേബിളുകളും ചെമ്പ് കമ്പികളുമടക്കം മോഷ്ടിക്കപ്പെടുന്നു. എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വിവിധ മേഖലകളിൽനിന്ന് വാട്ടർ മീറ്ററുകളാണ് മോഷ്ടിച്ചത്. അന്തർസംസ്ഥാനക്കാരൻ കേസിൽ അറസ്റ്റിലായി. നിരവധി വീടുകളിൽനിന്ന് പൈപ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. വ്യാപാര സ്ഥാപനങ്ങളുടെ പുറത്തുള്ള കേബിളുകൾ മോഷണം പോയ സംഭവവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഗരമധ്യത്തിൽനിന്നടക്കം വാഹനങ്ങളും മോഷണം പോകുന്നു. കുമ്പളം സ്വദേശിയായ യുവാവ് നെട്ടൂരിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിലായിരുന്നു.
ശ്രദ്ധിക്കാം
1. ഒന്നിലധികം ദിവസം വീടുപൂട്ടി പോകുന്നവർ പൊലീസിൽ വിവരം അറിയിക്കണം
2. കൂടുതലായുള്ള പണവും സ്വർണാഭരണങ്ങളും ബാങ്ക് ലോക്കറിലേക്ക് മാറ്റുക
3. റെസിഡന്റ്സ് അസോസിയേഷനുകൾ പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകൾ നിർമിച്ച് അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപെടുമ്പോൾ വിവരം കൈമാറുക
4. രാത്രി വീട്ടിൽ കാളിങ് ബെൽ അടിച്ചാൽ ഉടൻ വാതിൽ തുറക്കാതെ വ്യക്തിയെ തിരിച്ചറിഞ്ഞശേഷം മാത്രം തുറക്കുക
5. രാത്രി വീടിന്റെ പുറത്ത് പൈപ്പിൽനിന്നോ മറ്റോ വെള്ളം ഒഴുകുന്നതിന്റെ ശബ്ദമോ മറ്റു പ്രത്യേക ശബ്ദമോ കേട്ടാൽ വിവരം അടുത്തുള്ളവരെ ഫോൺവഴി അറിയിക്കുക
6. പൂട്ടുപൊളിക്കാനുതകുന്ന തരത്തിലുള്ള വീട്ടുപകരണങ്ങളായ കോടാലി, വാക്കത്തി തുടങ്ങിയവ വീടിന് പുറത്ത് വെക്കാതിരിക്കുക
7. അസ്വാഭാവിക സംഭവങ്ങൾ ഉടൻ പൊലീസിൽ അറിയിക്കുക
8. സി.സി ടി.വി കാമറകൾ സ്ഥാപിച്ച വീടുകൾ രാത്രി റെക്കോഡിങ് മോഡിലാണെന്ന് ഉറപ്പുവരുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.