റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ
text_fieldsകൊച്ചി: പത്താം ക്ലാസ് പരീക്ഷയിൽ റോഷ്നി പദ്ധതി കൈപിടിച്ചത് 85 അന്തർ സംസ്ഥാന വിദ്യാർഥികളെ. ഏഴുവർഷം മുമ്പ് ജില്ലയിലെ സ്കൂളുകളിൽ ആരംഭിച്ച റോഷ്നി പദ്ധതിയാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയിൽ അന്തർ സംസ്ഥാന വിദ്യാർഥികൾക്ക് സ്വപ്നനേട്ടം സമ്മാനിച്ചത്. പൊതുവിദ്യാലയങ്ങളിൽനിന്ന് അന്തർ സംസ്ഥാന വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവരെ മാതൃഭാഷയിലേക്ക് അടുപ്പിക്കാനും ജില്ല കലക്ടറായിരുന്ന മുഹമ്മദ് വൈ. സഫീറുള്ള ആരംഭിച്ച പദ്ധതിയാണിത്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം ഉപജില്ലകളിലായി ഏഴാം ക്ലാസ് വരെയുള്ള അന്തർ സംസ്ഥാന വിദ്യാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. എന്നാൽ, ഉയർന്ന വിജയം ലക്ഷ്യമിട്ട് പദ്ധതിയിലൂടെ പത്താം ക്ലാസുകാർക്കും പ്രത്യേക പരിശീലനവും പ്രോത്സാഹനവും നൽകുകയായിരുന്നു.
അന്തർ സംസ്ഥാന വിദ്യാർഥികളിലും ‘മലയാളത്തിളക്കം’
റോഷ്നി പദ്ധതിയിലുൾപെട്ട 14 ഹൈസ്കൂളിൽനിന്നുള്ള 85 വിദ്യാർഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷക്ക് മികവാർന്ന വിജയം നേടിയത്. ഇതിൽ രണ്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഒരാൾ ഒമ്പത് എ പ്ലസുകൾ നേടിയപ്പോൾ അഞ്ചിൽ കൂടുതൽ എ പ്ലസ് നേടിയവർ 12 പേരുണ്ട്. ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് മലയാളത്തിൽ എ പ്ലസും എയും നേടിയവർ 43 പേരാണ്. പത്താം ക്ലാസിൽ ഏറ്റവുമധികം അന്തർ സംസ്ഥാനക്കാർ പരീക്ഷയെഴുതിയത് എസ്.എൻ.എച്ച്.എസ്.എസ് തൃക്കണാർവട്ടത്താണ് -18 പേർ. എളമക്കര ജി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. ഇവിടെ 16 പേരാണ് പരീക്ഷ എഴുതിയത്. ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര, ജി.എച്ച്.എസ്.എസ് ചൊവ്വര, ജി.എച്ച്.എസ്.എസ് നെല്ലിക്കുഴി എന്നിവിടങ്ങളിൽ ഓരോ വിദ്യാർഥിയും പരീക്ഷ എഴുതി. ജി.എച്ച്.എസ്.എസ് ബിനാനിപുരം, ജി.എച്ച്.എസ് മുപ്പത്തടം എന്നിവിടങ്ങളിലെ ഓരോ വിദ്യാർഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
പരിശീലനമൊരുക്കി വളന്റിയർമാർ
ഏഴാം ക്ലാസ് വരെയാണ് പദ്ധതിയുടെ പരിധിയെങ്കിലും പത്താം ക്ലാസുകാർക്കായി പ്രത്യേക ക്ലാസുകളും പരിശീലനങ്ങളുമാണ് പദ്ധതിക്കുകീഴിൽ നിയമിക്കപ്പെട്ട ബഹുഭാഷ വളന്റിയർമാർ നൽകിയത്. ഇതിനായി ഓൺലൈനായും ഓഫ് ലൈനായും പ്രത്യേക പഠനസഹായങ്ങൾ നൽകി. പൊതു വിദ്യാലയങ്ങളിലെത്തുന്ന അന്തർ സംസ്ഥാന വിദ്യാർഥികൾ നേരിട്ട പ്രധാന വെല്ലുവിളി ഭാഷാ പ്രശ്നമായിരുന്നു. മലയാള സിലബസിലെ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ വിദ്യാർഥികളും പഠിപ്പിക്കാൻ അധ്യാപകരും ഏറെ പണിപ്പെട്ടു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ബഹുഭാഷ വളന്റിയർമാരെ നിയമിച്ചത്. പാഠഭാഗങ്ങൾ അവരുടെ ഭാഷയിൽ പകർന്നുനൽകുന്ന ഇവർ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ മീഡിയേറ്റർമാരുടെ റോളിലാണ് പ്രവർത്തിക്കുന്നത്. ഹിന്ദി, ബംഗാളി, ഒറിയ, തമിഴ് ഭാഷകളിലാണ് 20ൽ കൂടുതൽ അന്തർ സംസ്ഥാന വിദ്യാർഥികളുള്ള സ്കൂളുകളിൽ വളന്റിയർമാർ സേവനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.