റോ റോ വെസൽ യാർഡിലേക്ക് മാറ്റി; ഇനി എന്ന് ഇറങ്ങുമെന്ന ചോദ്യവുമായി നാട്ടുകാർ
text_fieldsഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്നായ സേതുസാഗർ രണ്ട് അറ്റകുറ്റപ്പണിക്കായി യാർഡിലേക്ക് മാറ്റി. ഈ വെസൽ ഇനി എന്ന് സർവിസിനിറങ്ങുമെന്ന് ഒരു വ്യക്തതയുമില്ലാത്തതിനാൽ ഇരുകരക്കാരും ആശങ്കയിലാണ്. സേതുസാഗർ ഒന്ന് മാത്രമാണ് ഇപ്പോൾ അഴിമുഖത്ത് സർവിസ് നടത്തുന്നത്. കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതോടെ ആളുകൾ നഗരത്തിലെത്താൻ റോ റോ സർവിസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു റോ റോ മാത്രം സർവിസ് നടത്തുന്നതോടെ യാത്രാദുരിതം പതിമടങ്ങായി വർധിച്ചു.
മണിക്കൂറുകൾ കാത്ത് നിൽക്കുമ്പോഴാണ് വെസലിൽ കയറാൻ ഊഴമെത്തുന്നത്. രണ്ട് പാലങ്ങൾ ഒരുമിച്ച് അടച്ചതോടെ പടിഞ്ഞാറൻ കൊച്ചിയിലും തേവരയിലുമെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് റോ റോ വെസലിൽ ഒന്ന് തകരാറിലായത്. ജനപ്രതിനിധികൾ വിഷയത്തിൽ കാര്യമായി ഇടപെടാത്തതിൽ വലിയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാട്ടുകാർ നിരന്തരം പരാതികൾ ഉയർത്തുന്നുണ്ടെങ്കിലും പ്രതിനിധികൾ കേട്ട ഭാവം നടിക്കുന്നല്ലെന്ന പരാതി നിലനിൽക്കെയാണ് തിങ്കളാഴ്ച രണ്ടു വെസലുകളും തകരാറിലായതോടെ കെ.ജെ. മാക്സി എം.എൽ.എയും മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസും വൈപ്പിനിൽ കുടുങ്ങിയത്.
യാത്രാദുരിതം മുടക്കമില്ലാതെ തുടരുമ്പോൾ മൂന്നാം റോ റോ വെസൽ സംബന്ധിച്ചുള്ള കാര്യങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവും യാത്രക്കാർ ഉയർത്തിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ തുടങ്ങി 2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അത് നീണ്ടതോടെ പ്രതിഷേധമുയർന്നു. ഇപ്പോൾ ഒരു വർഷത്തിനകം മൂന്നാം വെസൽ വരുമെന്ന് മേയർ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇത് വേഗത്തിലാക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. റോ- റോക്ക് ഒപ്പം സർവിസ് നടത്തേണ്ട ബോട്ട് ഒരു വർഷത്തിലേറെയായി സർവിസ് നടത്തുന്നില്ല. ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യവും നാട്ടുകാർ ശക്തമാക്കിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.