എസ്. രമേശൻ: കവിതയുടെ നഷ്ടം, സാംസ്കാരിക ലോകത്തിന്റെയും
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജ് സാംസ്കാരിക കേരളത്തിന് സമ്മാനിച്ച സർഗപ്രതിഭകളിൽ ഒരാളെ കൂടി നഷ്ടമായിരിക്കുന്നു, കവി എസ്. രമേശന്റെ നിര്യാണത്തിലൂടെ. കവിയും സംഘാടകനുമായിരുന്ന എസ്. രമേശൻ നിരവധി മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ്. കേരള ഗ്രന്ഥശാല സംഘം നിർവാഹക സമിതി അംഗം, 1996 മുതൽ 2001 വരെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1952 ഫെബ്രുവരി 16ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനിച്ചത്.
1972ൽ മഹാരാജാസ് കോളജിൽ എസ്.എഫ്.ഐയുടെ ആദ്യ വിദ്യാർഥി യൂനിയന്റെയും രണ്ടാം യൂനിയന്റെയും ചെയർമാനായിരുന്നു. തുടർന്ന് എറണാകുളം ഗവ. ലോ കോളജിൽ നിയമപഠനം. വിദ്യാർഥിയായിരിക്കുമ്പോൾതന്നെ സാഹിത്യരചനക്ക് തുടക്കമിട്ടിരുന്നു.
ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥിശയ്യ, കലുഷിതകാലം, കറുത്ത കുറിപ്പുകൾ, എസ്.രമേശന്റെ കവിതകൾ, തെരുവിൽ നനഞ്ഞുതീരുന്ന പ്രതിമകൾ എന്നിവയാണ് കൃതികൾ. ചെറുകാട് അവാർഡ്, ശക്തി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഫൊക്കാന പുരസ്കാരം, എ.പി കളക്കാട് പുരസ്കാരം, മുലൂർ അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള ചരിത്ര ഗവേഷണ കൗൺസിൽ, കേരള ബുക്ക് മാർക്കറ്റിങ് സൊസൈറ്റി, തകഴി സ്മാരക കേന്ദ്രം തുടങ്ങിയവയുടെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചിരുന്നു.
മഹാരാജാസിലെ കാമ്പസ് കാലത്തു തുടങ്ങിയ അക്ഷര ചുവടുകളിൽനിന്നാണ് പ്രശസ്ത കവി, സാംസ്കാരിക പ്രവർത്തകൻ, സംഘാടകൻ തുടങ്ങിയ നിലകളിലേക്ക് അദ്ദേഹം വളർന്നത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കവിതയെഴുതാനും പ്രസംഗിക്കാനുമെല്ലാം സമയം കണ്ടെത്തിയ ആ വിദ്യാർഥി, സർവകലാശാല തലത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി.
കോളജ് വിദ്യാർഥികൾക്കായി നടത്തിയ കവിത രചന മത്സരത്തിൽ സമ്മാനം നേടിയായിരുന്നു തുടക്കം. ജീവിതഗന്ധിയായ ഭാഷയിൽ, വിപ്ലവത്തിന്റെ താളത്തോടെ വർത്തമാന കാലത്തോട് സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികളോരോന്നും. കവിതയിൽനിന്ന് തുടങ്ങി കേരളത്തിന്റെ സാംസ്കാരിക രംഗത്തെ അനിഷേധ്യ സാന്നിധ്യമായി രമേശൻ മാറി.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡൻറ്, ജന.സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, ഗ്രന്ഥലോകം മുൻ പത്രാധിപർ തുടങ്ങി തേടിയെത്തിയ പദവികൾ നിരവധിയാണ്. ഇ.എം.എസ് പഠന ഗവേഷണകേന്ദ്രം, പി.ജെ ആന്റണി ഫൗണ്ടേഷൻ, ടി.കെ രാമകൃഷ്ണൻ കൾച്ചറൽ സെന്റർ എന്നിവയുടെ അമരക്കാരനായും പ്രവർത്തിച്ചു. കൊച്ചിയിലെ കൃതി ഫെസ്റ്റിവൽ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സി.പി.എം എറണാകുളം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഗുമസ്ത തസ്തികയിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ രമേശൻ 2007ൽ അഡീഷനൽ ഡെവലപ്പ്മെന്റ് കമീഷണർ തസ്തികയിൽനിന്നാണ് വിരമിച്ചത്. അവസാന കാലംവരെ എറണാകുളത്തെ സാംസ്കാരിക മേഖലയിൽ സജീവസാന്നിധ്യമായിരുന്നു.
മമ്മൂട്ടിയുടെ പ്രിയ സ്നേഹിതൻ
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായിരുന്നു കവി എസ്. രമേശൻ. തന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലഭിനയിക്കാൻ രമേശന്റെ സഹായമാണ് മമ്മൂട്ടി തേടിയത്. എറണാകുളം ബി.ടി.എച്ചിൽ എഴുത്തുകാരനും ഈ സിനിമയുടെ സംവിധായകനുമായ എം.ടി. വാസുദേവൻ നായരുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കി നൽകിയത് രമേശനാണ്.
എം.ടിയുടെയും മമ്മൂട്ടിയുടെയും ആദ്യ കൂടിക്കാഴ്ചയും ഇതുതന്നെ. ഇത് മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. സുഹൃത്തിന്റെ വേർപാടിൽ മമ്മൂട്ടി ഫേസ്ബുക്കിൽ അനുശോചനം രേഖപ്പെടുത്തിയത് ഇങ്ങനെ; ചിരകാല സുഹൃത്തും അഭ്യുദയകാംക്ഷിയുമായ എസ്. രമേശന് ആദരാഞ്ജലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.