ശബരിപാത; ആശങ്ക ഒഴിയാതെ ഭൂവുടമകൾ
text_fieldsകൊച്ചി: അങ്കമാലി-ശബരി റെയിൽപാതക്ക് പുതുജീവൻ വെക്കുമ്പോഴും ഭൂവുടമകളുടെ ആശങ്കകൾ ഒഴിയുന്നില്ല. കേന്ദ്ര ബജറ്റിൽ 100 കോടി വകയിരുത്തിയതോടെയാണ് പതിറ്റാണ്ടുകളായി മരവിച്ചുകിടന്ന പദ്ധതിക്ക് പുതുജീവൻ വെച്ചത്.
അങ്കമാലിയിൽനിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന പദ്ധതിക്ക് കാൽനൂറ്റാണ്ട് മുമ്പാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 116 കിലോമീറ്ററുള്ള പാതക്കായി 1997-98 ബജറ്റിൽ 550 കോടിയാണ് കേന്ദ്രം കണക്കാക്കിയത്.
പ്രാരംഭ ഘട്ടത്തിൽ നടപടികൾ വേഗത്തിൽ നടന്നെങ്കിലും പിന്നീട് കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ പദ്ധതി പ്രവർത്തനങ്ങൾ ഇഴയുകയായിരുന്നു. 264 കോടി ചെലവിട്ട് ഏഴ് കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്ററുള്ള പെരിയാർ പാലവും നിർമിച്ചതാണ് കാൽ നൂറ്റാണ്ടിനിടെ നടന്ന പ്രധാന പ്രവൃത്തികൾ.
എന്നാൽ, പ്രവർത്തനം നിലച്ചതോടെ ദുരിതത്തിലായത് നിർദിഷ്ട റെയിൽപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം ജില്ലകളിലെ ഭൂവുടമകളാണ്.
ഭൂമി അളന്നുതിരിച്ച് കല്ലിട്ടതോടെ ഇത് വിൽക്കാനോ പണയപ്പെടുത്താനോ നിർമാണ പ്രവർത്തനം നടത്താനോ കഴിയാതെ പതിറ്റാണ്ടുകളായി ഇവർ ദുരിതത്തിലാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് കല്ലിട്ട 70 കിലോമീറ്റർ ഭാഗത്തെ ഭൂവുടമകളാണ് തീരാത്ത ദുരിതക്കയത്തിലുള്ളത്.
രണ്ടായിരത്തോളം ഭൂവുടമകളെ നേരിട്ട് ബാധിക്കുന്ന പദ്ധതിയിൽ 800 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നാണ് കണക്ക്.
കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ചക്കളത്തിപ്പോരും ഉദ്യോഗസ്ഥ അനാസ്ഥയും കൂടിയായപ്പോൾ ഇവരുടെ ദുരിതം അറുതിയില്ലാതെ തുടരുകയാണ്. ഇതിനിടെയാണ് കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി 100 കോടി വകയിരുത്തിയതായി പ്രഖ്യാപനമെത്തിയത്. എന്നാൽ, കാൽനൂറ്റാണ്ട് മുമ്പ് 550 കോടിയിൽ തീർക്കാനാരംഭിച്ച പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3456 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതി ചെലവ് ഇത്തരത്തിൽ ഭീമാകാരമായി ഉയർന്നതോടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന ആവശ്യം കേന്ദ്രമുയർത്തി.
ഏറെ സാങ്കേതികത്വത്തിനൊടുവിലാണ് രണ്ട് വർഷം മുമ്പ് സംസ്ഥാന സർക്കാർ ഈ നിർദേശം അംഗീകരിച്ചത്. ഇതിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കേന്ദ്ര ബജറ്റിൽ പുതിയ പ്രഖ്യാപനം വന്നത്.
എന്നാൽ, സാമൂഹികാഘാത പഠനംപോലും നടത്താതെ വരുന്ന പ്രഖ്യാപനങ്ങളിൽ പൂർണ പ്രതീക്ഷവെക്കാൻ ഈ മേഖലയിൽ സ്ഥലം നഷ്ടമാകുന്ന ഭൂവുടമകൾ തയാറല്ല. സാമൂഹികാഘാത പഠനം നടത്തി ഹിയറിങ് പൂർത്തിയാക്കി മാത്രമേ സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാൻ കഴിയൂവെന്നിരിക്കെ ഇതിന് കാലതാമസം നേരിടുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുള്ള സർക്കാർ നടപടികളും തുടർന്നുണ്ടാകാവുന്ന നിയമനടപടികളുമെല്ലാം വീണ്ടും പദ്ധതിയെ പിന്നോട്ടടിപ്പിക്കുമെന്നും ഇവർക്ക് ആശങ്കയുണ്ട്.
നേരത്തേ പല സ്ഥലങ്ങളിലുമിട്ടിരുന്ന സർവേ കല്ലുകളും അലൈൻമെന്റ് ബോർഡുകളുമെല്ലാം നശിച്ചു കഴിഞ്ഞു.
ഇതിന് പുറമെ സംസ്ഥാന സർക്കാർ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയുടെ തുടർ നീക്കങ്ങൾക്കുമുന്നിൽ വലിയ വെല്ലുവിളിയാണ്.
ഫലത്തിൽ കേന്ദ്ര സർക്കാറിന്റെ 100 കോടി പ്രഖ്യാപനംകൊണ്ടും നിർദിഷ്ട റെയിൽ പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന ഭൂവുടമകളുടെ ദുരിതത്തിന് പരിഹാരം എളുപ്പമാകില്ലെന്നാണ് സൂചന.
സ്ഥലമേറ്റെടുക്കൽ ഉടൻ പുനരാരംഭിക്കണം - സമരസമിതി കൺവീനർ
കൊച്ചി: സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ പുനരാരംഭിച്ച് ഭൂവുടമകളുടെ ആശങ്ക അകറ്റണമെന്ന് ശബരി റെയിൽ സമര സമിതി ജനറൽ കൺവീനർ ഗോപാലൻ വെണ്ടുവഴി ആവശ്യപ്പെട്ടു. 2019ൽ കേന്ദ്രസർക്കാർ മരവിപ്പിച്ച ശബരി റെയിൽ പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ച് ഇപ്പോൾ പച്ചക്കൊടി വീശിയെങ്കിലും ഭൂവുടമകൾ ആശങ്കയിലാണ്. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും കാൽനൂറ്റാണ്ടോളം ഈ പദ്ധതി നടപ്പാക്കാനാവാതെ വന്നത് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണ്. മുടങ്ങിപ്പോയ സാമൂഹികാഘാത പഠനം പൂർത്തിയാക്കിയും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ആധികാരിക വിജ്ഞാപനം പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.