സഹദ് വേറെ ലെവൽ, ഗ്ലാസ് പുഷ്അപ്പിൽ ലോക റെക്കോഡ്
text_fieldsകൊച്ചി: ലോക്ഡൗണിൽ വീട്ടിലിരുന്ന് ലോക റെക്കോഡ് നേടിയ കഥ പറയുകയാണ് ഫോർട്ട്കൊച്ചിക്കാരൻ എം.എസ്. മുഹമ്മദ് സഹദ്. വെറുതെയായിരുന്നില്ല വീട്ടിലിരിപ്പ്. മൂന്ന് സ്റ്റീൽ ഗ്ലാസുകൾ കമിഴ്ത്തിവെച്ച് അതിൽ രണ്ടുകാലും ഒരു കൈയും കുത്തി പുഷ്അപ്, വെറുംകൈകൊണ്ട് മതിലിൽ ഇടിയോടിടി. ഇതിലൂടെ വീട്ടിൽ എത്തിയത് ഒരു വേൾഡ് റെക്കോഡും രണ്ട് ഇന്ത്യൻ റെക്കോഡും.
''കഴിഞ്ഞ ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് വ്യായാമത്തിന് വർക്കൗട്ടുകൾ തുടങ്ങുന്നത്. ആകെയുള്ളത് രണ്ട് ഡംബല്ലുകൾ. അതുവെച്ച് പരിശീലിച്ച് ശരീരം ഫിറ്റായതോടെ റെക്കോഡ് നേടണമെന്ന ചിന്ത മനസ്സിൽ വിടാതെ കയറി. അത് പുഷ്അപ്പിൽതന്നെയാട്ടെയെന്നും ഉറപ്പിച്ചു'' -ഫോർട്ട്കൊച്ചി ദ്രോണാചാര്യ പട്ടാളം മഠത്തിൽവീട്ടിൽ 20കാരനായ സഹദ് പറയുന്നു.
മൂന്ന് സ്റ്റീൽ ഗ്ലാസിെൻറ മുകളിൽനിന്ന് പുഷ്അപ് ചെയ്തത് ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചു. ഇങ്ങനെ 30 സെക്കൻഡിൽ 33 പുഷ്അപ്പാണ് എടുത്തത്. 'വൺ ലെഗ്' റേറ്റ് പുഷ്അപ്പിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. ഒരുകാൽ പൊക്കിപ്പിടിച്ച് 30 സെക്കൻഡിൽ എടുത്തത് 37 പുഷ്അപ്.
വെറും കൈകൾകൊണ്ട് 30 സെക്കൻഡിൽ മതിലിൽ ഇടിച്ചുനേടിയതാണ് മൂന്നാം റെക്കോഡ്. രണ്ടുകൈകൊണ്ടും 230 പഞ്ചാണ് ചെയ്തത്. റെക്കോഡ് നേട്ടത്തിന് നടത്തിയ ശ്രമത്തിൽ കൈകൾ അൽപമൊന്ന് മുറിഞ്ഞിട്ടുണ്ട്. എങ്കിലും നിരന്തര പരിശീലനം നടത്തിയത് ഗുണകരമായി. പഞ്ചിങ് ബാഗിൽ തുടങ്ങിയ ഇടി ഇടക്ക് മതിലിലേക്ക് മാറ്റിയതാണ് സഹായകരമായത്.
പുഷ്അപ്പിൽ നാലുവട്ടം റെക്കോഡിന് വിഡിയോ അയച്ചെങ്കിലും തള്ളിപ്പോയി. അഞ്ചാമത്തെ ശ്രമമാണ് വിജയിച്ചത്. പ്ലസ് ടുതലം മുതൽ ജിമ്മിൽ പോയിത്തുടങ്ങിയെങ്കിലും ഒരുമാസം കഴിഞ്ഞപ്പോഴേക്കും നിർത്തി. എങ്കിലും ഫിറ്റ്നസ് താൽപര്യം സഹദിെൻറ മനസ്സിൽനിന്ന് പോയില്ല. വർക്കൗട്ടിന് കൂടുതൽ ഉപകരണങ്ങൾ വീട്ടിൽ വേണ്ടെന്നാണ് സഹദിെൻറ പക്ഷം. മികച്ച ശരീരം ഡംബൽ പരിശീലനത്തിലൂടെതന്നെ നേടാം. സ്വന്തമായി ഷെഡ്യൂൾ തയാറാക്കി അത് പിന്തുടർന്നാണ് ഫിറ്റ്നസ് നേടുന്നത്. എം.എ. ഷക്കീറിെൻറയും വി.എം. ഷൈനിയുടെയും മകനാണ്. സഹോദരിമാർ: സ്വാലിഹ, തൻസിയ. പുക്കാട്ടുപടി കെ.എം.ഇ.എ കോളജിൽ മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.