കളംപിടിച്ച് ഗൃഹോപകരണ വിൽപന
text_fieldsകൊച്ചി: ഓണം ഗൃഹോപകരണ വിപണിയുടെ ഉത്സവം കൂടിയാണ്. ഓണക്കാലത്ത് മത്സരവും ആവേശവും മുറുകിനിൽക്കുന്ന മറ്റൊരു വിപണിയില്ല. ഓരോ വർഷവും ആ മത്സരത്തിന്റെ ചൂരും വീര്യവും വർധിച്ചിട്ടേയുള്ളൂ. കോവിഡിന് ശേഷം അത്രയൊന്നും മികച്ച പ്രതികരണമില്ലാതെ കടന്നുപോയ കഴിഞ്ഞ ഓണക്കാലത്തിന്റെ ക്ഷീണമെല്ലാം തീർക്കാൻ ഒരുങ്ങിത്തന്നെയാണ് ഇത്തവണ ഗൃഹോപകരണ വിപണി. ഉൽപന്നങ്ങളുടെ വൈവിധ്യവും ഓഫറുകളുടെ പെരുമഴയും കൊണ്ട് ഉപഭോക്താക്കളുടെ മനം നിറക്കാൻ തയാറെടുത്തിരിക്കുകയാണ് വ്യാപാരികൾ.
മൊബൈലും ടി.വിയും വാഷിങ് മെഷീനും ഫ്രിഡ്ജും എ.സിയുമെല്ലാം ഉൾപ്പെടെ ഒരുവർഷം കേരളത്തിൽ ഗൃഹോപകരണ വിൽപന 12,000 കോടിയാണ്. ഇതിന്റെ 30 ശതമാനവും ഓണക്കാലത്താണ്. കേരളത്തിലെ ഓണക്കാലമാണ് രാജ്യത്തെതന്നെ സീസൺ തുടക്കം. ബോണസും പെൻഷൻ കുടിശ്ശികയുമെല്ലാമായി കൈയിൽ പത്ത് കാശ് വരുന്ന ഓണക്കാലമാണ് പുതിയ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും പഴയവ മാറ്റിയെടുക്കാനും മലയാളി തെരഞ്ഞെടുക്കുന്നത്. ഏറ്റവും ആദായകരമായ വിലയും മികച്ച ഓഫറുകളും സമ്മാന പദ്ധതികളുമെല്ലാം ഇക്കാലത്തെ ആകർഷണങ്ങളാണ്.
പ്രമുഖ ബ്രാൻഡുകളെല്ലാം വൻ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആകർഷക വിലക്കിഴിവിന് പുറമെ അധിക വാറന്റി, വിലപിടിപ്പുള്ള സൗജന്യ സമ്മാനങ്ങൾ, ബംപർ നറുക്കെടുപ്പുകൾ എന്നിങ്ങനെ പോകുന്നു ഓഫറുകൾ.
ടി.വിക്കും ഫ്രിഡ്ജിനുമാണ് ആവശ്യക്കാർ കൂടുതൽ. 5000 രൂപക്ക് കിട്ടുന്ന 32 ഇഞ്ച് എൽ.ഇ.ഡി ടി.വി മുതൽ ആറുലക്ഷം വരെ വിലയുള്ളവ വിപണിയിൽ ലഭ്യമാണ്. ഉപഭോക്താക്കളിൽ 70 ശതമാനവും യുവാക്കളാണ്. വിനോദോപാധികളിൽ ടെക്നോളജിയുടെ കാര്യത്തിൽ ഇവർ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. അതുകൊണ്ടുതന്നെ വിലയേക്കാൾ ഇവർ ടെക്നോളജിക്കും ഗുണമേന്മക്കുമാണ് പ്രാധാന്യം നൽകുന്നത്. 40,000നും 75,000നും ഇടയിൽ വിലയുള്ള ടി.വിക്കാണ് ആവശ്യക്കാർ കൂടുതൽ.
കോവിഡിനുശേഷം ഡബിൾ ഡോർ ഫ്രിഡ്ജിനും ഡിമാന്റ് ഏറെയാണ്. 18,000 മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുള്ളവ വിപണിയിൽ ലഭ്യമാണ്. ഫ്രിഡ്ജായാലും വാഷിങ് മെഷീൻ ആയാലും സ്റ്റോറേജ് കപ്പാസിറ്റി കൂടിയവയിലാണ് ഇപ്പോൾ ഉപഭോക്താക്കളുടെ നോട്ടം. മഴ കുറഞ്ഞുനിൽക്കുന്നതിനാൽ എ.സിക്ക് ഇത്തവണ ഓണവിപണിയിൽ മുൻവർഷത്തെക്കാൾ മൂന്നിരട്ടിയോളം വിൽപന കൂടുതലാണെന്ന് വൈറ്റ് മാർട്ട് മാനേജിങ് ഡയറക്ടർ ജെറി മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു.
ഓണക്കാലത്ത് എ.സി വിൽപന ഇത്രയും ഉയരുന്നത് ഇതാദ്യമാണ്. ഉൽപന്നങ്ങളിൽ വൈവിധ്യവും മത്സരാധിഷ്ഠിതമായ വിലയും കൊണ്ട് ഇടിച്ചുനിന്നില്ലെങ്കിൽ വിപണിയിൽ പിടിച്ചുനിൽക്കാനാവില്ല എന്നതാണ് അവസ്ഥ. വരുംദിവസങ്ങളിൽ ഗൃഹോപകരണ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.