സമഗ്ര ശിക്ഷ അഭിയാൻ; നാലുവർഷത്തിനിടെ എറണാകുളം ജില്ലയിൽ ചെലവഴിച്ചത് 699.33 ലക്ഷം
text_fieldsകൊച്ചി: സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 699.33 ലക്ഷം രൂപ ചെലവഴിച്ചതായി കേന്ദ്രസർക്കാർ.
ഹൈബി ഈഡൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകുന്ന ഫണ്ട്, പുനരുജ്ജീവന അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകുന്ന ഫണ്ട് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായി 2019-20 സാമ്പത്തികവർഷം മുതൽ 2023-24 സാമ്പത്തികവർഷം വരെയാണ് 699.33 ലക്ഷം രൂപ ചെലവഴിച്ചത്. അടിസ്ഥാന സൗകര്യങ്ങൾക്കായി 2019-20 സാമ്പത്തിക വർഷത്തിൽ 156.50 ലക്ഷം രൂപയും 2020-21ൽ 97.05 ലക്ഷം രൂപയും 2021-22ൽ 43.10 ലക്ഷം രൂപയും 2022-23ൽ 39.8 ലക്ഷം രൂപയും 2023-24ൽ 40 ലക്ഷം രൂപയും ജില്ലക്ക് നൽകി.
ഈയിനത്തിൽമാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ആകെ 376.45 ലക്ഷമാണ് ചെലവഴിച്ചത്. കൂടാതെ പുനരുജ്ജീവന അടിസ്ഥാന സൗകര്യങ്ങളുടെ ഇനത്തിൽ മതിൽ നിർമിക്കാൻ ഇക്കാലയളവിൽ 220.38 ലക്ഷം രൂപയും പ്രധാന അറ്റകുറ്റപ്പണികൾക്ക് 53.0 ലക്ഷം രൂപയും ചെറിയ അറ്റകുറ്റപ്പണികൾക്ക് 49.5 ലക്ഷം രൂപയും ജില്ലക്ക് നൽകി. ഈയിനത്തിൽ 2019-20 സാമ്പത്തികവർഷം മുതൽ 2023-24 സാമ്പത്തികവർഷം വരെ ആകെ 322.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
2018-19 സാമ്പത്തിക വർഷത്തിലാണ്, കേന്ദ്ര സർക്കാറിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പും സാക്ഷരത വകുപ്പും സംയോജിത കേന്ദ്രാവിഷ്കൃത പദ്ധതി ആരംഭിച്ചതെന്നും ഇത് സ്കൂൾ വിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്ന സർവശിക്ഷ അഭിയാൻ (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ.), ടീച്ചർ എജുക്കേഷൻ (ടി.ഇ) എന്നീ മൂന്ന് മുൻകാല പദ്ധതികൾ ഉൾക്കൊള്ളുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.