കൊച്ചിയിൽ സന്തോഷ് ട്രോഫി സുവർണ ജൂബിലി ആഘോഷം ഇന്നു മുതൽ
text_fieldsകൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി മുത്തമിട്ടതിന്റെ അമ്പതാണ്ട് തികയുന്നതിന്റെ ആഘോഷം കോർപറേഷൻ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ നടക്കും. 1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ചരിത്ര വിജയത്തിന്റെ അമ്പതാണ്ടുകള്‍ പുതിയ തലമുറയ്ക്ക് പകരുന്നതിനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷദിനമായ ഡിസംബര്‍ 27ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സന്തോഷ് ട്രോഫി ആദ്യ വിജയം സമ്മാനിച്ച ആദ്യകാല താരങ്ങളെയും ഒഫിഷ്യല്‍സിനെയും ക്യാഷ് അവാര്‍ഡ് നല്കി ആദരിക്കും. ആഘോഷങ്ങളുടെ തുടക്കമായി വെള്ളിയാഴ്ച വടുതല ഡോണ്‍ബോസ്കോ സ്കൂളില്‍ പ്രത്യേക ഫുട്ബാൾ ടൂർണമെൻറ് നടക്കും. രാവിലെ 8.30ന് ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി ഡയമൻറക്കോസ് ഉദ്ഘാടനം ചെയ്യും.
ചരിത്രവിജയത്തിന്റെ ഓര്‍മ്മയ്ക്കായി കൊച്ചി മേയേഴ്സ് കപ്പിനും ഈ വര്‍ഷം തുടക്കമാവും. ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 11 മുതല്‍ 17 വരെ മഹാരാജാസ് ഗ്രൗണ്ടില്‍ അരങ്ങേറും. സ്കൂള്‍തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ ഏഴ് മുതല്‍ ഡോണ്‍ബോസ്കോ സ്കൂളില്‍ തുടങ്ങിയിട്ടുണ്ട്.
40 സ്കൂളുകളില്‍ നിന്നായി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കോളജ്തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഈ മാസം 20 മുതല്‍ തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടില്‍ നടക്കും. ഫുട്ബോളിന്റെ വരാനിരിക്കുന്ന ഭാവിയെന്ന വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറും സെലിബ്രിറ്റി ഫുട്ബോള്‍ മാച്ചും ഡിസംബര്‍ 20 ന് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുമെന്ന് മേയർ അറിയിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ മാർക്കോ ലെസ്കോവിക്കും നിഹാൽ സുധീഷും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.