പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം; 9 വർഷത്തിനിടെ 1125 കേസുകൾ; ഏറ്റവും കൂടുതൽ കേസുകൾ റൂറൽ പൊലീസ് പരിധിയിൽ
text_fieldsകൊച്ചി: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമ പ്രകാരം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1125 കേസാണ്. സിറ്റി, റൂറൽ പൊലീസ് പരിധികളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യക്തികൾ നേരിട്ട് നൽകുന്ന പരാതികൾക്ക് പുറമേ പട്ടിക ജാതി-വർഗ വികസന വകുപ്പുകളിൽ നിന്ന് റഫർ ചെയ്യുന്നതടക്കമാണ് കേസുകൾ.
കേസുകളിൽ മുന്നിൽ റൂറൽ ജില്ല
ജില്ലയിൽ ഏറ്റവും കൂടുതൽ കേസെടുത്തിട്ടുളളത് റൂറൽ പൊലീസ് പരിധിയിലാണ്. ഒമ്പത് വർഷത്തിനിടെ റൂറൽ പൊലീസ് പരിധിയിൽ മാത്രം 830 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റി പരിധിയിൽ 295 കേസും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റൂറൽ ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 2023ലാണ്. 133 കേസാണ് ആ വർഷം മാത്രം രജിസ്റ്റർ ചെയ്തത്.
സിറ്റി പരിധിയിൽ കൂടുതൽ കേസുണ്ടായത് കഴിഞ്ഞ വർഷമാണ്. 50 കേസാണ് റിപ്പോർട്ട് ചെയ്തത്. റൂറൽ പരിധിയിൽ കുറവ് കേസുണ്ടായത് 2020ലും സിറ്റിയിൽ 2018, 2021 വർഷങ്ങളിലുമാണ്. ഈ വർഷം മാർച്ച് വരെ സിറ്റിയിൽ ആറ് കേസും റൂറൽ പരിധിയിൽ 13 കേസും വിവിധ പൊലീസ് സ്റ്റേഷനുകളിലായി എടുത്തിട്ടുണ്ട്.
പിടിയിലായത് എണ്ണൂറോളം പേർ
സിറ്റി, റൂറൽ പൊലീസ് പരിധികളിലായി പട്ടിക ജാതി-വർഗ അതിക്രമം തടയൽ നിയമ പ്രകാരം എടുത്ത കേസിൽ അറസ്റ്റിലായത് 775 പേരാണ്. അറസ്റ്റിലായവരുടെ എണ്ണത്തിലും മുമ്പൻ റൂറൽ ജില്ലയാണ്. ഏറ്റവും കൂടുതൽ പ്രതികൾ പിടിയിലായത് 2022ലാണ്. 110 പേരാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ പിടിയിലായത്. ഈവർഷം ഇത് വരെ ജില്ലയിൽ 18 പേർ പിടിയിലായി.പട്ടിക ജാതി- വർഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ അധിവസിക്കുന്നത് റൂറൽ ജില്ല പൊലീസ് പരിധിയിലായതിനാലാണ് ആ മേഖലകളിൽ നിന്ന് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും പ്രതികൾ പിടിയിലാകുന്നതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പിടിയിലാകാനുളളത് 21 പേർ
അധികൃതരുടെ കണക്കുകൾ പ്രകാരം ഇത്തരം കേസുകളിൽ പ്രതിചേർക്കപ്പെട്ട ശേഷം ജില്ലയിലിത് വരെ പിടിയിലാകാനുളളത് 21 പേരാണ്. ഇതിൽ 12 പേർ റൂറൽ പൊലീസ് പരിധിയിലും ഒമ്പത് പേർ സിറ്റി പരിധിയിലുമാണ്. 2022ൽ സിറ്റി പരിധിയിൽ രണ്ട് പേരും 2023, ’24 വർഷങ്ങളിൽ ഒരോരുത്തർ വീതവും സിറ്റി പരിധിയിൽ പിടിയിലാകാനുണ്ട്. ഈ വർഷം മാർച്ച് വരെ രജിസ്റ്റർ ചെയ്ത 19 കേസിലായി 13 പേരും പിടിയിലാകാനുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.