വൈവിധ്യങ്ങളുടെ കലവറയൊരുക്കി സ്കൂൾ വിപണി ഉണർന്നു
text_fieldsകൊച്ചി: അക്ഷരമുറ്റത്തെ ആദ്യ മണിയടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വൈവിധ്യങ്ങളുടെ കലവറയൊരുക്കി സ്കൂൾ വിപണി ഉണർന്നു. കുരുന്നുകളുടെ മനസ്സ് കീഴടക്കുന്ന തരത്തിലുളള വർണ വൈവിധ്യങ്ങളോടെയാണ് ഇത്തവണയും സ്കൂൾ വിപണികൾ സജീവമാകുന്നത്. നോട്ട് ബുക്കുകൾ, ബാഗുകൾ, കുട, പെൻസിൽ, പേന, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിലുകൾ, നെയിം സ്ലിപ്പുകൾ, പേപ്പർ റോളുകൾ, ചെരുപ്പുകൾ, ഷൂസുകൾ, യൂനിഫോം, മഴക്കോട്ടുകൾ അടക്കമുളള എല്ലാ സാമഗ്രികളും ഒറ്റക്കുടക്കീഴിലൊരുക്കിയാണ് സ്കൂൾ വിപണികൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എന്നാൽ, കത്തിയാളിയ കൊടും ചൂടിന് പിന്നാലെയെത്തിയ മഴ ഇത്തവണ തിരിച്ചടിയാകുമോയെന്ന ആശങ്ക വ്യാപാരികൾക്കില്ലാതില്ല.
ആകർഷകമായി വഴിയോര വിപണി
സ്കൂൾ സാമഗ്രികളെല്ലാം വിലക്കിഴിവിൽ ലഭിക്കുന്ന വഴിയോര വിപണികളും ഇഷ്ടം പോലെയുണ്ട്. കടകളിലെക്കാൾ വിലക്കുറവും ഇവിടങ്ങളിലുണ്ട്. ബ്രാൻഡഡ് നോട്ട് ബുക്കിന് പത്തെണ്ണത്തിന്റെ കെട്ടിന് 300 രൂപയാണ് വില. ഇതോടൊപ്പം മറ്റ് സാമഗ്രികൾക്കും വിലക്കിഴിവുണ്ട്. ഇവിടെയും ബ്രാൻഡുകൾക്കനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. വഴിയോര വിപണികളുടെ മറ്റൊരാകർഷണം കുടക്കച്ചവടമാണ്. ഇവിടെ ബ്രാൻഡഡ് അല്ലാത്ത കുടകൾ 250 രൂപ മുതൽ ലഭിക്കും. കുട്ടികളെ ലക്ഷ്യമാക്കി കുടകളിലും വർണ വൈവിധ്യമൊരുക്കിയാണ് കച്ചവടം. ഇതോടൊപ്പം മഴക്കോട്ടുകളും വിപണിയിൽ സുലഭമാണ്. കുട്ടികളുടെ മനം കവരുന്ന രീതിയിലുള്ള വ്യത്യസ്ത നിറങ്ങളിലുള്ള ചെരുപ്പുകളും ഷൂസുകളുമെല്ലാം സ്കൂൾ വിപണികളിലുണ്ട്.
ഡോറയും സ്പൈഡർമാനും നിറഞ്ഞ് ബാഗ് വിപണി
കുരുന്നുകളുടെ മനം കവരാനായി വ്യത്യസ്ത കാർട്ടൂൺ കഥാപാത്രങ്ങളുടെ വർണവിസ്മയം തീർത്താണ് ബാഗ് വിപണി സജീവമായത്. ഡോറയും സ്പൈഡർമാനും ഛോട്ടാഭീമുമടക്കം കുരുന്നുമനസ്സുകൾ കൈയടക്കാനുള്ള എല്ലാ കാർട്ടൂൺ വിദ്യകളും ബാഗുകളിൽ നിറച്ചിട്ടുണ്ട്. ബ്രാൻഡുകൾക്കനുസരിച്ച് 500 രൂപ മുതൽ മുകളിലോട്ടാണ് വില. ഇതിനുപുറമെ കോംബോ ഓഫറിലും സ്കൂൾ കിറ്റുകൾ ലഭ്യമാണ്. സാദാ ബാഗുകൾക്ക് 250 രൂപ മുതൽ മുകളിലേക്കാണ് വില. മുൻകാലത്തെ അപേക്ഷിച്ച് എല്ലാ ഇനങ്ങൾക്കും വില വർധനയുണ്ടെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നത്.
മഴ ആശങ്കയിൽ വ്യാപാരികൾ
കത്തുന്ന ചൂടിലായിരുന്നു ഇത്തവണ മധ്യവേനലവധിക്കാലം. അതുകൊണ്ടുതന്നെ ഇതുവരെ വിപണികളൊന്നും സജീവമായിരുന്നില്ല. സാധാരണഗതിയിൽ മേയ് പകുതിയോടെയാണ് സ്കൂൾ വിപണികൾ സജീവമാകുന്നത്. എന്നാൽ, ഇത്തവണ മഴ സജീവമാകുന്നത് വിപണിയെ ബാധിക്കുമോയെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകളും ഇവരുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. സ്കൂൾ വിപണി ലക്ഷ്യമാക്കി ലക്ഷങ്ങളുടെ ചരക്കുകളാണ് പല വ്യാപാരികളും കടകളിൽ ഇറക്കി സ്റ്റോക്ക് ചെയ്തിരിക്കുന്നത്. മഴ തുടർന്നാൽ കടുത്ത തിരിച്ചടിയാകുമെന്നാണ് ഇവരുടെ പക്ഷം. എങ്കിലും വരും ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.