ഇന്നാണ് ഫസ്റ്റ് ബെൽ
text_fieldsകൊച്ചി: അക്ഷരമുറ്റത്തേക്ക് ഇന്ന് കുരുന്നുകൾ പിച്ചവെക്കും. വീടകങ്ങളിൽ നിറഞ്ഞ അവരുടെ കളിചിരികൾ ഇനി ക്ലാസ് മുറികൾക്കുകൂടി സ്വന്തമാകും. ജില്ലയിൽ പതിനായിരക്കണക്കിന് കുട്ടികളാണ് ഒന്നാംക്ലാസിലേക്ക് കടന്നുവരുന്നത്. ഇവരെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ് അധികൃതർ. നാളുകൾനീണ്ട പ്രയത്നത്തിനൊടുവിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഭൂരിഭാഗം വിദ്യാലയങ്ങളും സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലതല പ്രവേശനോത്സവം എറണാകുളം ഗവ. ഗേൾസ് എച്ച്.എസ്.എസിലാണ് നടക്കുന്നത്. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷതവഹിക്കും. സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന് പൊലീസും സജീവമായി രംഗത്തുണ്ട്. മോട്ടോർവാഹന വകുപ്പ് സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയിരുന്നു. സ്കൂൾ വിപണി ബുധനാഴ്ചയും സജീവമായിരുന്നു. കുരുന്നുകളെ സ്വീകരിക്കാൻ വിവിധ സ്കൂൾ അധികൃതർ സമ്മാനപ്പൊതികളും തയാറാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ബുധനാഴ്ച ഇവ തയാറാക്കുന്നതിന് അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം മുതിർന്ന വിദ്യാർഥികളുമെത്തിയിരുന്നു. കുട്ടികൾക്കായി പൂക്കളും തൊപ്പികളുമൊക്കെയാണ് ചില സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളത്. ‘കളർഫുൾ’ ആണ് പല ക്ലാസ് മുറികളും.
കുട്ടികളെ ശ്രദ്ധിക്കാം
ലഹരിയുടെ വലയിൽ കുരുന്നുകൾ പെട്ടുപോയിട്ടുണ്ടോയെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അവരുടെ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. പഠന, പാഠ്യേതര വിഷയങ്ങളിലെ താൽപര്യം കുറയുക, വിശപ്പില്ലായ്മ, മയക്കം, പെട്ടെന്ന് ദേഷ്യം വരിക, പണത്തിനുള്ള ആവശ്യം വർധിക്കുക, ആത്മഹത്യ ചിന്ത തുടങ്ങിയവ ലക്ഷണങ്ങളായി കാണാമെന്ന് വിദഗ്ധർ പറയുന്നു. ശരീരഭാരം കുറയുന്നതും ഉറക്കക്കുറവ്, അലസമായ വസ്ത്രധാരണം തുടങ്ങിയവയും ശ്രദ്ധിക്കണം. ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ എക്സൈസ്, പൊലീസ് തുടങ്ങിയവരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.