സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഇനി അതിജീവന കരുത്തും
text_fieldsകൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ ശാസ്ത്രീയ മുൻകരുതലെടുക്കാനും അതിജീവനത്തിനുമായി സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സ്കൂൾ സോഷ്യൽ സർവിസ് സ്കീമിൽ’ ഉൾപ്പെടുത്തി പദ്ധതി ഒരുങ്ങുന്നു.
പരീക്ഷണാർഥം തുടങ്ങിയ പദ്ധതി അടുത്ത വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. മൂന്നുവർഷത്തെ പരിശീലനം പൂർത്തിയാക്കി പദ്ധതിയുടെ ആദ്യ ബാച്ച് അടുത്ത മാർച്ചോടെ പുറത്തിറങ്ങും. കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കുറക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ പ്രവർത്തിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യമടക്കം ഉൾപ്പെടുത്തിയാണ് 280 സ്കൂളുകളിലായി സ്കൂൾ സോഷ്യൽ സർവിസ് സ്കീം പദ്ധതി തയാറാക്കിയിരിക്കുന്നത്.
നിത്യജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാൻ വിദ്യാർഥികളെ പര്യാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. സ്കൂൾ യൂനിറ്റ്, ഒരു ജില്ല സമിതി, സംസ്ഥാന മോണിറ്റിങ് സമിതി എന്നിങ്ങനെയാണ് പദ്ധതിയുടെ ഘടന. ഓരോ ജില്ലയിലും 20 സ്കൂളുകളെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു സ്കൂളിൽനിന്ന് 50 പേരെ വീതമാണ് തെരഞ്ഞെടുക്കുക. ദുരന്ത മോക് ഡ്രില്ലുകൾ, രക്ഷാമാർഗങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തണമെന്ന് മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വെള്ളപ്പൊക്കം, കെട്ടിടം ഇടിഞ്ഞുവീഴുക, തീപിടിത്തം എന്നിവ ഉണ്ടാകുമ്പോൾ സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള പരിശീലനവും നൽകുന്നുണ്ട്. പദ്ധതിയിൽ ഉൾപ്പെടുന്ന ഓരോ സ്കൂളിനും പരിശീലനത്തിനടക്കം 50,000 രൂപയും കുട്ടികൾക്ക് സൗജന്യ യൂനിഫോമും നൽകും. ഇതോടൊപ്പം ലഹരിമുക്ത വിദ്യാലയം എന്ന ആശയവും പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലയിലെ പ്രവർത്തനങ്ങളും കുട്ടികൾ സ്കൂളിൽ ഏറ്റെടുത്ത് നടത്തും. പരിശീലനം പൂർത്തിയാകുന്നതോടെ സമൂഹത്തിന്റെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവ് കുട്ടികൾക്ക് ആർജിച്ചെടുക്കാൻ കഴിയുമെന്ന് പ്രോഗ്രാം കോഓഡിനേറ്റർമാരായ അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.