ബസിനടിയിൽ സ്കൂട്ടർ കുടുങ്ങി; നീങ്ങിയത് 300 മീറ്റർ
text_fieldsമൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ. ഒടുവിൽ നാട്ടുകാർ ബസ് തടഞ്ഞ് ചില്ല് തകർത്തു.
കാക്കനാട്-പട്ടിമറ്റം-മൂവാറ്റുപുഴ റോഡിൽ മൂവാറ്റുപുഴ മടവൂരിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കലൂരിൽ നിന്നും മൂവാറ്റുപുഴക്ക് വരികയായിരുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ ഓർഡിനറി ബസാണ് വില്ലനായത്. മുടവൂർ വെളിയത്തു കവലയിൽ റോഡിൽ ഇരുന്ന സ്കൂട്ടറാണ് ബസിടിച്ചതിനെ തുടർന്ന് ബസിനടിയിൽപെട്ടത്.
സ്കൂട്ടറുമായി ബസ് മുന്നോട്ടു പോകുന്നതു കണ്ട നാട്ടുകാർ ബഹളം വെച്ചെങ്കിലും മുന്നോട്ടു പോകുകയായിരുന്നു. ബസിനടിയിൽ കിടന്ന് റോഡിൽ ഉരഞ്ഞ് സ്കൂട്ടറിൽ നിന്നും തീ പാറുന്നതു കണ്ടതോടെ നാട്ടുകാർ പിറകെ പാഞ്ഞു.
ഇതിനിടെ ആളുകൾ കല്ലെടുത്ത് എറിയുകയും ചെയ്തു. 300 മീറ്ററോളം മുന്നോട്ടുപോയ ബസ് ലക്ഷം കവലയിൽ വെച്ച് നാട്ടുകാർ തടയുകയായിരുന്നു. ക്ഷുഭിതരായ ചിലർ ഡ്രൈവർക്ക് നേരെ തിരിഞ്ഞെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. സംഘർഷത്തിലേക്ക് നീങ്ങിയതോടെ വിവരമറിഞ്ഞ് മൂവാറ്റുപുഴ പൊലീസും എത്തി. തുടർന്ന് ബസ് സ്റ്റേഷനിൽ എത്തിച്ചു. ബസിനടിയിൽ മര കഷണം കുടുങ്ങിയെന്നാണ് കരുതിയതെന്നാണ് ഡ്രൈവർ പറയുന്നത്.
എന്നാൽ സ്കൂട്ടർ ബസിനടിയിൽ കുടുങ്ങി വലിച്ചിഴച്ച് പോകുമ്പോൾ തീ പറക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തീപിടിച്ചിരുന്നെങ്കിൽ വൻ ദുരന്തത്തിനു കാരണമാകുമായിരുന്നു. ബസിൽ നിരവധി യാത്രക്കാരും ഉണ്ടായിരുന്നു.
നെല്ലാട് മുതൽ ബസിനു മുന്നിൽ ഒരു സ്കൂട്ടർ ഉണ്ടായിരുന്നതായും ബസിനു സൈഡ് കൊടുക്കാതെ മുന്നിൽ വെട്ടിച്ച്,വെട്ടിച്ച് പോകുകയായിരുന്നുവെന്നും പറയുന്നുണ്ട്.
വെളിയത്ത് കവലയിൽ എത്തിയപ്പോൾ സ്കൂട്ടർ റോഡിൽ വെച്ച് ഓടിച്ചിരുന്നയാൾ ഇറങ്ങിയതോടെ പിന്നാലെ വന്ന ബസിടിച്ച് നിരക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.