കള്ളക്കടൽ; മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ
text_fieldsഫോർട്ട്കൊച്ചി: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രത നിർദേശങ്ങളും ലംഘിച്ച് ഫോർട്ട്കൊച്ചി കടപ്പുറത്ത് കുട്ടികളുമായി കുളിക്കാനെത്തിയത് നൂറുകണക്കിന് സഞ്ചാരികൾ.
മുന്നറിയിപ്പും ജാഗ്രത നിർദേശവും നൽകിയെങ്കിലും കൊച്ചി തീരദേശ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കി. ഞായറാഴ്ചയായതിനാൽ സഞ്ചാരികളും ഏറെയായിരുന്നു. ഇത്തരം മുന്നറിയിപ്പ് നിർദേശം വരുമ്പോൾ പൊലീസ് കടപ്പുറത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി റിബണുകൾ കെട്ടുന്ന പതിവുണ്ട്. പൊലീസിനെയും കടപ്പുറത്ത് ഡ്യൂട്ടിക്ക് നിയമിക്കാറുണ്ട്. തിരമാലകൾ ഇടക്ക് ശക്തിയായി അടിച്ചെങ്കിലും കടൽക്ഷോഭം കാര്യമായി മേഖലയിൽ അനുഭവപ്പെട്ടില്ല.
കുറച്ചു ദിവസങ്ങളായി ഫോർട്ടുകൊച്ചി കടപ്പുറത്തിന്റെ നല്ലൊരു ഭാഗം കടൽ കവർന്നുകഴിഞ്ഞു. തീരക്കടലിൽ പലയിടങ്ങളിലും ചുഴി, ഗർത്തങ്ങൾ എന്നിവ രൂപപ്പെട്ടിട്ടുണ്ടെന്ന് മത്സ്യതൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി മത്സ്യതൊഴിലാളികൾ പറയുമ്പോഴാണ് മുന്നറിയിപ്പ് അവഗണിച്ചുള്ള കടൽ സ്നാനം. വേനലവധിയും കടുത്ത ചൂടും മൂലം കടലിലിറങ്ങി കുളിക്കുന്നവരുടെ എണ്ണവും വർധിച്ചതായി ലൈഫ് ഗാർഡുകളും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.